നവീനയുഗം (തുടർച്ച)
കെടാമംഗലം പപ്പുക്കുട്ടി: കേരളത്തിലെ മയക്കോവസ്ക്കിയായും മഹാകവിയായും ഏ. ബാലകൃഷ്ണപിള്ള ഊല്ലേഖിച്ചിട്ടുള്ള കെടാമംഗലം പപ്പുക്കുട്ടി ‘പുരോഗമന സാഹിത്യ പ്രസ്ഥാന’ത്തിൽ കവിതയെഴുതി പ്രതിഷ്ഠനേടിയിട്ടുള്ള ഒരു പ്രസിദ്ധകവിയാണു്. മാർക്സിയൻ ചിന്താഗതിയെ പശ്ചാത്തലമാക്കി നിർദ്ധനരും തൊഴിലാളികളുമായ സാമാന്യജനങ്ങളുടെ ദൈന്യജീവിതത്തെ ചിത്രീകരിച്ചിട്ടുള്ളവയാണു് ഇദ്ദേഹത്തിൻ്റെ കവിതകളിൽ അധികഭാഗവും. ‘കടത്തുവഞ്ചി’ എന്ന കാവ്യസമാഹാരം, കവിയുടെ നാമധേയത്തോടനുബന്ധിച്ചു്, ഇതിനകം വളരെ പ്രസിദ്ധമായിക്കഴിഞ്ഞിട്ടുണ്ട്. പപ്പുക്കുട്ടിയുടെ കൃതികളിൽ പ്രധാനമായതും അതുതന്നെ. പരിവർത്തനോന്മുഖമായ ഒരു സാമൂഹ്യവിപ്ലവത്തിനു വഴിതെളിക്കുകയാണു് കവി അതിലെ കവിതകളിൽക്കൂടി ചെയ്യുന്നതു്.
‘കടത്തുവഞ്ചി’യിലെ ഒന്നാമത്തെ കവിത ദാരിദ്ര്യമാണു്. ദാരിദ്ര്യത്തെ ചെങ്കോൽ ധരിച്ച ഒരു രാജാവായി കവി രൂപണം ചെയ്യുന്നു. രാജാവ് കിരീടം ചൂടിയും ചെങ്കോൽ ധരിച്ചും പൊട്ടക്കുടിലിലും പട്ടണഭാഗത്തും സഞ്ചരിച്ചു് ഐക്യബോധം ഉളവാക്കുന്നതുപോലെ ദാരിദ്ര്യവും ദുസ്സഹദുഃഖം കിരീടമായ് ചൂടിയും, അസ്വാസ്ഥ്യച്ചെങ്കോലുവഹിച്ചും എല്ലായിടത്തും അലഞ്ഞുതിരിഞ്ഞു് ഐക്യബോധം – സംഘടനേച്ഛ – ജനങ്ങളിൽ അങ്കുരിപ്പിക്കുവാൻ യത്നിച്ചുകൊണ്ടിരിക്കുന്നു. ആ യത്നം സഫലമാകുമ്പോഴുണ്ടാകുന്ന ഫലത്തെയും കവി അതിൽ വിഭാവനചെയ്യുന്നുണ്ട്.