നവീനയുഗം (തുടർച്ച)
ഇങ്ങനെ തൊഴിലാളികളുടെ സംഘടിതവിപ്ലവം ആയുധമാക്കി കേരളീയ സമുദായത്തിൽ കാണുന്ന അതിയായ ജീർണ്ണിപ്പുകളും തൊഴിലാളിമർദ്ദനവും തകർക്കുവാനാണ് കവി സ്വകവിതകൾവഴി ശ്രമിച്ചുകാണുന്നത്.
കാലം പറയുന്നു നമ്മളോടൊക്കെയും
കാലൊന്നുറപ്പിച്ചു കൈകോർത്തുനില്ക്കുവാൻ
മുമ്പോട്ടു പോകേണ്ട മാർഗ്ഗം തെളിഞ്ഞുപോയ്
വമ്പാർന്ന വിപ്ലവത്തീവണ്ടി പാഞ്ഞതാ,
പോരിൻ സഖാക്കളേ, പാരം വിശന്നിദം
പോരും സഹിച്ചതീ പാരിൻ്റെ ക്രൂരത (പോരും സഹിച്ചത്)
കടത്തുവഞ്ചിയിലെ ‘പിഞ്ചുഹൃദയം’ കെടാമംഗലത്തിൻ്റെ കലാമാധുരിയേയും കലാമർമ്മജ്ഞതയേയും വിളംബരം ചെയ്യുന്ന ഒരു കവിതയാണു്. ‘വരുമിപ്പോൾ അച്ഛൻ’ ഹൃദയദ്രവീകരണസമർത്ഥമായ ഒന്നാന്തരം കവിതതന്നെ.
മന്ത്രിയുടെ മകൾ, ഞങ്ങൾ ചോദിക്കും, അവൾ പറയുന്നു, ആമയും പെൺസിംഹവും ഇവയാണു് കെടാമംഗലത്തിൻ്റെ മറ്റു കൃതികൾ.
