നവീനയുഗം (തുടർച്ച)
ബോധേശ്വരൻ : ഏതു വിഷയത്തെപ്പറ്റിയും വികാരതരളിതനായി ഗാനംചെയ്യുന്ന ഒരു കവിയാണു് ബോധേശ്വരൻ. ഒരു സമര മനോഭാവമാണു പൊതുവേ അദ്ദേഹത്തിൻ്റെ കവിതകളിൽ പ്രത്യക്ഷമാകുന്നതു്. സംഗീതാത്മകമായ ഒരു ശൈലി കവിക്കു സ്വാധീനമായിട്ടുണ്ട്. ‘ഹൃദയാങ്കുരം’ ബോധേശ്വരൻ്റെ കൃതികളിൽ പ്രമുഖ സ്ഥാനമർഹിക്കുന്നു. അനേകായിരം ഗോളങ്ങൾ നിറഞ്ഞിട്ടുള്ള ഈ ബ്രഹ്മാണ്ഡകടാഹത്തിൽ എവിടെയോ കറങ്ങിക്കൊണ്ടിരിക്കുന്ന ഈ ഭൂതലത്തിലെ ഒരു കോണിൽ ഒരു നിമിഷത്തിനുള്ളിൽ ഉദിച്ചുയർന്നു മറയുന്ന മർത്ത്യൻ അജ്ഞാതമായ ലോകരഹസ്യങ്ങളെപ്പറ്റി അഖണ്ഡിതമായി ചെയ്യുന്ന തീർപ്പുകളെ കവി സോപഹാസം വിമർശിക്കുകയാണു്.
പോരും നിൻ പ്രയത്നങ്ങൾ പോരും നിൻ നിശ്വാസങ്ങൾ
ആരു നീ, ശലഭമേയർക്കബിംബത്തെത്തൊടാൻ?
നില്ക്കുക! നിമേഷം നീ ജന്തുവേ, വിശ്വത്തിൻ്റെ
നിത്യനാം കർത്താവിനെക്കണ്ടതാരെന്നാണോതിൻ.
ക്രിസ്തുവോ നബിതാനോ വ്യാസനോ മനുവാമോ
നിസ്തർക്കമറിഞ്ഞതാരവ്യാജപ്പൊരുളിനെ?
രക്ഷകരെന്നായ്‌വന്ന പ്രാണികളിവരെന്നും
സൂത്രത്തിലല്ലോ ചൊല്ലി കണ്ടെന്നും കേട്ടീലെന്നും
ദീർഘദർശികളിവരാകവേ വിശ്വത്തിൻ്റെ
ദൈർഘ്യവിസ്തൃതിയെല്ലാം കുറിച്ചു കല്പിച്ചാർപോൽ!
ഹാ കഷ്ടം മനുജാ, നിൻ മാനദണ്ഡങ്ങളോർക്കി-
ലെത്രകണ്ടഗണ്യങ്ങൾ ഹ്രസ്വങ്ങൾ നിരർത്ഥങ്ങൾ!