നവീനയുഗം (തുടർച്ച)
കന്യാകുമാരിയെ വർണ്ണിക്കുന്ന ഒരു ഭാഗം നോക്കുക:
തെക്കൊരു മുനമ്പുണ്ട്; മൂന്നു ഭാഗവും ചുറ്റി-
നില്ക്കുന്നൂ കടലുകൾ കൂപ്പുകൈകളുമായി
പിച്ചകപ്പൂച്ചെണ്ടണിഞ്ഞാടിടും തിരമാല
പിച്ചവെച്ചടുത്തെത്തി കുമ്മികളടിക്കുമ്പോൾ,
സ്വച്ഛമാം മുഖകാന്തി മന്ദഹാസത്താൽ കൂട്ടി
നിശ്ചലം നോക്കിക്കൊണ്ടു നില്ക്കുമാക്കുമാരിയെ
താലവും രസാലവും തിങ്ങിയ വനപ്പച്ച
താലവൃന്തത്താൽ വീശിപ്പാർശ്വസേവനം ചെയ് വൂ!
ഇങ്ങനെ തുടരുന്ന ആ വർണ്ണന ആദ്യന്തം അനവദ്യസുന്ദരമെന്ന പറയേണ്ടൂ. ഇത്തരത്തിൽ അനുപമസുന്ദരമായ അനവധി വർണ്ണനകൾ നിറഞ്ഞുള്ള ഒരു മഹാകാവ്യമാണിതു്. ദണ്ഡിയുടെ മാനദണ്ഡത്തെ ഉല്ലംഘിച്ചു വിരചിതമാകുന്ന ഒരു മഹാകാവ്യമാണിതെന്നു കൂടി പറഞ്ഞുകൊള്ളട്ടെ.
