നവീനയുഗം (തുടർച്ച)
ജാതിമതചിന്തകൾക്കതീതനായിനിന്നുകൊണ്ട് ഇങ്ങനെ സൗഭ്രാത്രഗാനം മുഴക്കുന്ന ബോധേശ്വരൻ ധാരാളം പ്രണയഗാനങ്ങളും എഴുതിയിട്ടുണ്ട്. കവിയുടെ ‘ജയ ജയ കേരളകോമളധരണീ’ എന്നു തുടങ്ങുന്ന കേരളഗാനം, ചങ്ങമ്പുഴയുടെ ‘കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി’ എന്ന ഗാനം പോലെ വളരെ പ്രസിദ്ധിയും പ്രചാരവുമേറിയ ഒന്നത്രെ. ചങ്ങമ്പുഴയെപ്പോലെതന്നെ ബോധേശ്വരനും വാചാലനായ ഒരു കവിയാണു്. ഹൃദയാങ്കുരം, സ്വതന്ത്രകേരളം, ആദർശാരാമം മുതലായവയാണു് കവിയുടെ കൃതികൾ.
കുന്നത്തേരി രാമൻ മേനോൻ: പഴയ തലമുറയുടെ പോക്കുവെയിലേറ്റു് എഴുതിത്തുടങ്ങി പുതിയ യുഗത്തിൻ്റെ പുലരിപ്രഭയുടെ ചൂടും വെളിച്ചവും തട്ടി പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു കലാകാരനാണു് രാമൻമേനോൻ. വ്യുൽപത്തിയുടേയും നിരീക്ഷണചണതയുടേയും പ്രകാശം കവിയുടെ ഏതു കൃതിയിലും നമുക്കു കാണാം. കവിത ആനന്ദദായകമായിരിക്കണമെന്നുള്ള വിധിയെ മാനിക്കുന്നതോടൊപ്പം ആദർശബോധകവുമായിരിക്കണമെന്നുള്ള തത്ത്വത്തേയും അദ്ദേഹം തുല്യനിലയിൽ ആദരിക്കുന്നു. നൈവേദ്യം, പൂർണ്ണകുംഭം, ധർമ്മസങ്കടം തുടങ്ങിയവയാണു് രാമൻമേനോൻ്റെ മുഖ്യകൃതികൾ. നൈവേദ്യം മുതൽ ആയുധപൂജവരെയുള്ള 26 ലഘുകവിതകളുടെ സമാഹാരമാണ് ആദ്യത്തേതു്. ശബ്ദാർത്ഥചാരുത ഇതിലെ ഓരോ കവനത്തിലും തെളിഞ്ഞുകാണാം. പുരോഗമനോന്മുഖമായ ആശയങ്ങൾ അലതല്ലുന്ന അനേകം ലഘുകവനങ്ങളുടെ സങ്കേതമാണു് പൂർണ്ണകുംഭം. ധർമ്മസങ്കടം സീതാവിഷയകമായ ഒരു ഖണ്ഡകാവ്യമാണു്. ‘ചിന്താവിഷ്ടയായ സീത’യ്ക്കുശേഷം ആ പ്രകൃതത്തെ അധികരിച്ചു നാലഞ്ചു കൃതികൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ഉണ്ണിക്കൃഷ്ണൻ നായരുടെ ലക്ഷ്മണവിഷാദം, പി. വി. കൃഷ്ണവാരിയരുടെ ചിന്താഗ്രസ്തനായ ശ്രീരാമൻ, കർണ്ണങ്ങത്തു രാമൻമേനോൻ്റെ സീതാചിന്ത, കുന്നത്തേരിയുടെ ധർമ്മസങ്കടം ഇവയാണ് പ്രസ്തുത കൃതികൾ. ആശാനും ഉണ്ണിക്കൃഷ്ണൻനായരും സീതാപക്ഷപാതികളായി പുറപ്പെടുമ്പോൾ, മറ്റു മൂന്നു പേരും രാമപക്ഷപാതികളായി പ്രത്യക്ഷപ്പെടുന്നു.