പദ്യസാഹിത്യചരിത്രം. ഇരുപത്തിയഞ്ചാമദ്ധ്യായം

നവീനയുഗം (തുടർച്ച)

വെന്നി: വളരെ അധികമെണ്ണം എഴുതിയിട്ടില്ലെങ്കിലും ഈടുറ്റ ഏതാനും കവിതകൾകൊണ്ടു കൈരളിയെ പ്രൗഢതയിലേക്കുയർത്താൻ യത്നിച്ചിട്ടുള്ള പ്രതിഭാശാലിയായ ഒരു കവിയാണു് വെന്നി വാസുപിള്ള. രാഗതരംഗം, ജയന്തി, നിറമാല, ഉന്മീലനം എന്നിവയാണു് അദ്ദേഹത്തിൻ്റെ പ്രധാനകൃതികൾ. നിറമാലയിൽ, മലയും കടലും എന്നു തുടങ്ങി ശലഭഗീതംവരെ പത്തു ലഘുകവിതകൾ അടങ്ങിയിരിക്കുന്നു. ഓരോന്നും പ്രൗഢരമണീയങ്ങളത്രെ. മലയും കടലും, തേനീച്ചകളുടെ പാട്ട് എന്നിവ രണ്ടും കൂടുതൽ ചിന്താബന്ധുരങ്ങളാണ്. പ്രതിരൂപാത്മക കവിതകളുമാണു്.

സർവ്വസുഖാനുഭവങ്ങളോടുകൂടി വാഴുന്ന മലയെ രാജവാഴ്ചയുടെയോ ജന്മിത്വത്തിൻ്റെയോ പ്രതിരൂപമായി കവി കല്പിച്ചിരിക്കുന്നു. തീരത്തു രാപ്പകൽ അലയടിച്ചു ജീവിക്കുന്ന കടലിനെ എന്നും രാജാവിന്നുവേണ്ടി പണിയെടുത്തു ജീവിതക്ലേശം അനുഭവിച്ചുകഴിയുന്ന ജനസഞ്ചയത്തിൻ്റെ സിംബലായും കല്പിച്ചിരിക്കുന്നു. മലയുടെ സർവ്വവിധ സുഖൈശ്വര്യങ്ങൾക്കും വേണ്ടി പണിയെടുത്തു കഴിയുന്ന ആഴി ആർത്തിരമ്പി മലയുടെ മുമ്പിൽ വന്നു കേഴുകയാണു്:

സർവ്വവും പോട്ടെ, വല്ല – മട്ടിലും തെല്ലെങ്കിലും
ദുർവ്വഹജഠരാഗ്നിക്കാശ്വാസം ലഭിച്ചെങ്കിൽ!

എന്ന്. സുഖലോലുപതയുടെ ലഹരിയിൽ കൂത്താടുന്ന മഹീഭൃത്ത് അതൊന്നും കേൾക്കുന്നതേ ഇല്ല. ഈ ഘട്ടത്തിൽ കവി മുന്നോട്ടു വന്നു മലയെ ഉദ്‌ബോധിപ്പിക്കുകയും താക്കീതുചെയ്യുകയും ചെയ്യുന്ന ഒരു ഭാഗം ശ്രദ്ധിക്കുക:

അതിരുണ്ടെല്ലാറ്റിനുമേറെനാൾ സഹിക്കുകി-
ല്ലതിദാരുണമാമീയന്യായമം ഭോരാശി
നിഖിലം നശിപ്പിക്കും തീക്കുടുക്കയൊന്നുണ്ടു
നിഭൃതം ശയിക്കുന്നു തന്മനോഗർത്തംതന്നിൽ.