പദ്യസാഹിത്യചരിത്രം. ഇരുപത്തിയഞ്ചാമദ്ധ്യായം

നവീനയുഗം (തുടർച്ച)

കവനാലയം നാണുക്കുട്ടൻ : അകൃത്രിമസൗന്ദര്യത്തിൻ്റെ മനോഹരസംഗീതമാണു് കവനാലയത്തിൻ്റെ കൃതികളിൽക്കൂടി ഒഴുകുന്നതു്. കവിതന്നെ ‘ഓടക്കുഴലി’ൻ്റെ മുഖത്തെഴുതിയിട്ടുള്ള ആത്മസന്ദേശത്തിൽ പ്രസ്താവിച്ചിട്ടുള്ളതുപോലെ, ഒരൊഴിഞ്ഞ മൂലയിൽ, ഒതുങ്ങിനിന്നു നിർഭയം പാടുന്ന ഒരിടയച്ചെറുക്കൻ്റെ പുല്ലാങ്കുഴൽതന്നെയാണ് അദ്ദേഹത്തിൻ്റെ കവിത. അതു കവിതന്നെ പാടിക്കേൾപ്പിച്ചാലുണ്ടാകുന്ന സുഖവും ആനന്ദവും ഒന്നു വേറെതന്നെ. കവിതയുടെ മാതൃക കാണിക്കാൻ ഏതാനും വരികൾ ഉദ്ധരിക്കുന്നു:

എരിയും പൂക്കുറ്റിപോൽ പകൽ നിന്നാളിക്കത്തു-
മൊരുനാൾ വിയർത്തൊലിച്ചൊരുവൻ വീട്ടിൽ വന്നൂ.
ഉമ്മറത്തൊരു വാളൻപുളിതൻ തണൽപറ്റി
അമ്മയെ പ്രതീക്ഷിച്ചു നിന്ന ഞാൻ ചൂളിപ്പോയി
അന്നു ഞാനിതുപോലല്ലുജ്ജ്വലം താരുണ്യത്തിൻ
പൊൻതിടമ്പുവാച്ചൊരു മദയാനപോൽ നിന്നു
ദാഹമുണ്ടെനിക്കിറ്റു വെള്ളം- എന്നാവേശത്തിൻ
മോഹനകടാക്ഷമൊന്നാ യുവാവെയ്താനെന്മേൽ
നീലമേഘങ്ങൾക്കുള്ളിൽ വിടരും ചന്ദ്രക്കല-
പ്പൂവിലെപ്പാൽപ്പുഞ്ചിരി കൂമ്പിയില്ലതിൻമുമ്പേ
വെള്ളവും കുടിച്ചു കൺമുനയിലുടക്കുമെ-
ന്നുള്ളവും കൊണ്ടാണയാൾ കടന്നൂ പെരുങ്കള്ളൻ (കാവിക്കാരൻ്റെ കഥ)