പദ്യസാഹിത്യചരിത്രം. ഇരുപത്തിയഞ്ചാമദ്ധ്യായം

നവീനയുഗം (തുടർച്ച)

കാർളോസ്: ചെറുപ്പത്തിലേ ചരമമടഞ്ഞ ഒരു യുവകവിയാണ് ഈ. എ. കാർളോസ്. ദാരിദ്ര്യത്തിൻ്റേയും നാനാതരം ക്ലേശങ്ങളുടേയും നടുവിൽ ജീവിച്ചു കൊണ്ടു ചുരുങ്ങിയ ജീവിതകാലത്തിനുള്ളിൽ ഹൃദയഗീതം, വീരറാണി, സാഹിതീസുമം, ഗിരി ഗീത, ആത്മാർപ്പണം തുടങ്ങി എട്ടു പദ്യകൃതികളും, നാലു ഗദ്യകൃതികളും ഈ യുവാവ് കൈരളിക്കു കാഴ്ചവയ്ക്കുകയുണ്ടായി. പ്രോത്സാഹനത്തിൻ്റെ അഭാവത്താലുള്ള നിരാശത വളർന്നുതന്നെയാണു കവി ജീവിതരംഗത്തുനിന്നും അത്ര ക്ഷണത്തിൽ മാഞ്ഞുപോയതെന്ന പരമാർത്ഥവും ഇവിടെ എടുത്തുപറയുവാൻ തോന്നിപ്പോകുന്നു. ‘ഗിരിഗീത’യാണു് കാർളോസിൻ്റെ കൃതികളിൽ മുൻപന്തിയിൽ നില്ക്കുന്നതു്. ക്രിസ്തുവിൻ്റെ ‘മലയിലെ പ്രസംഗ’മാണിതിലെ വിഷയം. ഉന്നതങ്ങളായ ആദ്ധ്യാത്മികതത്ത്വങ്ങളെ കഴിയുന്നത്ര സരളമായി പ്രതിപാദിക്കാൻ കാർളോസിനു കഴിഞ്ഞിട്ടുണ്ട്. ലോംഗ്ഫെല്ലോയുടെ ‘ഇവാൻജലിൻ’ എന്ന കൃതിയുടെ വിവർത്തനമാണു് ‘പ്രേമാന്വേഷണം’. വിവർത്തന രീതി കാണിക്കുവാൻ മാത്രമായി ചില വരികൾ ഉദ്ധരിക്കുന്നു:

പൂങ്കവിൾ ചുംബിച്ചു താമരപ്പൂവിനെ – തങ്കക്കതിരോനുണർത്തിടുമ്പോൾ, പ്രാണേശമന്ത്രമുരുവിട്ടെവാൻജലി-നേണവിലോചനയാളുണർന്നു.