നവീനയുഗം (തുടർച്ച)
പാലാ ഗോപാലൻനായർ: നാരായണൻനായരെപ്പോലെതന്നെ ജന്മദേശമായ പാലായുടെ പേരോടനുബന്ധിച്ചു് സ്വന്തം നാമധേയം പ്രസിദ്ധമാക്കിയിട്ടുള്ള ഒരു കവികോകിലമാണു് ഗോപാലൻനായർ. തെരുതെരെ കവിതകൾ ഉതിർക്കുന്ന സ്വഭാവം ഗോപാലൻനായർക്കില്ല. കരിണീ ചിരേണ സൂതേ എന്ന മട്ടിൽ ‘വേണുഗാനം’, ‘ഒരു പൗരൻ പിറക്കുന്നു’ എന്നു രണ്ടു സമാഹാരങ്ങളേ ഇതിനകം അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളു. രണ്ടും കവിയുടെ പ്രതിഭാവിലാസത്തിൻ്റേയും ആദർശബോധത്തിൻ്റേയും മാറ്റുരക്കല്ലുകളുമാണു്. ഓരോ വിഷയവും കവിഹൃദയത്തിൽവച്ചു പുടപാകം ചെയ്തു ക്രമപ്പെടുത്തി ഉചിതപദവിചാരത്തോടുകൂടി ആവ്ഷകരിക്കാൻ ഗോപാലൻനായർക്കുള്ള പാടവം പ്രസ്തുത സമാഹാരങ്ങളിലെ ഓരോ കവിതയും വിളിച്ചുപറയുന്നു. ഒരു പൗരൻ പിറക്കുന്നു എന്ന സമാഹാരത്തിൽ പതിന്നാലു ലഘുകവിതകൾ ഉള്ളടക്കിയിരിക്കുന്നു.
രാജപാതതൻ വക്കിൽ ശബ്ദായമാനമായ നഗരത്തിൻ്റെ ശ്രദ്ധാർഹമല്ലാത്തൊരു കോണിൽ ജീർണ്ണമന്ദിരത്തിനുള്ളിൽ നടന്ന ഒരു സംഭവമാണ്, ഒരു പൗരൻ പിറക്കുന്നു എന്ന കവിതയിൽ കവി ചിത്രീകരിച്ചിട്ടുള്ളത്. മനുഷ്യത്വത്തിൻ്റെ മൃദുലഭാവങ്ങൾ പലതും ഒരു പൗരൻ്റെ പിറവിയിൽ കവി കണ്ടെത്തുന്നു. മൂകമാനുഷ ജീവിതചിന്തകളിലേക്ക്, നഷ്ടമായിത്തീർന്ന സ്നേഹപ്രതീക്ഷകളിലേക്ക്, നമ്മെ ഇറക്കിവിടുകയാണു് ‘കന്യാകുമാരി’യിൽ. കല്ലിൻ്റെ സംഗീതം വികാരനിർഭരമായ ഒരു കവിതയാണു്. കലാകാരൻ്റെ ഉപബോധമനസ്സിൽ അമർന്നുകിടക്കുന്ന ചിന്തകൾ അവസരങ്ങളുണ്ടാകുമ്പോൾ ഉയിർക്കൊണ്ടെഴുന്നേല്ക്കുമെന്ന യാഥാർത്ഥ്യം അതു വ്യക്തമാക്കുന്നു. വേലയിലൂടെ ജീവിതം സംഫുല്ലമാക്കിക്കൊണ്ടിരിക്കുന്ന ആധുനികയുഗത്തിൽ ‘മായാസിന്ധുവിലുഴലാതെ – മാനുഷ നിഖിലം വെടിയൂ നീ’ എന്നു് ഉദ്ബോധനം ചെയ്ത് അലസമായി ജീവിതം നയിക്കുന്ന ഭക്തസംഘത്തിനു് ഇന്നു സ്ഥാനമില്ലെന്നു് ‘പ്രദക്ഷിണ’ത്തിൽ കവി വിളംബരം ചെയ്യുന്നു.