നവീനയുഗം (തുടർച്ച)
ഇതുപോലെ ഈ സങ്കീർണ്ണ ജീവിതത്തിലെ ഓരോ ഭാവങ്ങളെ ഉചിതരസവിചാരത്തോടെ ചിത്രണം ചെയ്‌വാൻ കവി സമർത്ഥമായി ഓരോന്നിലും യത്നിച്ചിട്ടുണ്ട്. സഹ്യൻ്റെ ചിന്തകൾ പ്രൗഢരമണിയമായ ഒരു കവിതയാണു്. ചരിത്രാരംഭകാലം മുതൽ അടുത്തകാലത്തുണ്ടായ ഐക്യപ്രാപ്തിവരെയുള്ള സംഭവപരമ്പരകളാണ് കേരളത്തിൻ്റെ വളർത്തച്ഛനായ സഹ്യനെക്കൊണ്ട് ഇവിടെ ചിന്തിപ്പിച്ചിട്ടുള്ളതു്.
കേരളം കമനീയദൃശ്യങ്ങൾ തിങ്ങുന്നേടം;
കേരങ്ങളമൃതത്തിൻ പൊല്ക്കുടം ചൂടുന്നേടം;
തെളിവിൽ പ്രവാളവും പച്ചരത്നവും ചാർത്തി
മുളകിൻ ലതാപാളി നൃത്തമാടീടുന്നേടം;
പുഗരാജികൾ വെൺചാമരങ്ങൾ വീശുന്നേടം;
രാഗരഞ്ജിതഗീതം ചോലകൾ പെയ്യുന്നേടം.
എന്നു തുടങ്ങിയുള്ള വർണ്ണന കേരളത്തിലെ പ്രകൃതിവിലാസത്തിൻ്റെ കലാപരമായ ഒരു ചിത്രംതന്നെയാണു്. വേണുഗാനമാണു് കവിയുടെ മറ്റൊരു കൃതി.