നവീനയുഗം (തുടർച്ച)
എൻ. ഡി. കൃഷ്ണനുണ്ണി: സംസ്കൃതച്ഛന്ദസ്സിൽ ധാരാളം നല്ല കൃതികൾ നിർമ്മിച്ചിട്ടുള്ള ഒരു സരസകവിയാണു് എൻ. ഡി. കൃഷ്ണനുണ്ണി. കാവ്യനാടകാലങ്കാരാദികൾ പഠിച്ച് ഭാഷാസ്വാധീനവും പാണ്ഡിത്യവും നേടിയ പഴയ കവികളിൽ നല്ലൊരു വിഭാഗം സംസ്കൃതച്ഛന്ദസ്സിലാണല്ലോ കൃതികൾ നിർമ്മിച്ചുവന്നതു്. കൃഷ്ണനുണ്ണിയും ആ ചേരിയിൽപ്പെട്ട ഒരു കവിയാണു്. അഖിലകേരള അക്ഷരശ്ലോക പരിഷത്തിൻ്റെ മുഖപത്രമായി തൃശൂരിൽനിന്നു കുറച്ചുകാലമായി പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന ‘കവനകൗതുകം’ എന്ന കവിതാമാസികയുടെ പത്രാധിപരുമാണു് അദ്ദേഹം. കവനകൗതുകംവഴി നലംതികഞ്ഞ പല കവിതകളും അദ്ദേഹം പ്രസിദ്ധീകരിച്ചുവരുന്നുണ്ട്.
അശ്വഘോഷൻ്റെ ‘ശ്രീബുദ്ധചരിതം’, ‘സൗന്ദരനന്ദം’ എന്നീ രണ്ടു മഹാകാവ്യങ്ങളും പൂർണ്ണമായി വിവർത്തനം ചെയ്ത് കൃഷ്ണനുണ്ണി അടുത്തകാലത്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നുള്ള വസ്തുത കൂടി ഈയവസരത്തിൽ പ്രസ്താവിച്ചുകൊള്ളട്ടെ. ഇവയ്ക്കു പുറമെ പല ഘട്ടങ്ങളിലായി എഴുതിപ്പോന്നിട്ടുള്ള എഴുപത്തിയഞ്ചു കവിതകൾ (ഒറ്റശ്ലോകങ്ങൾ, അന്യാപദേശങ്ങൾ, സമസ്യാപൂരണങ്ങൾ, തർജ്ജമകൾ എന്നിവയുടെ സമാഹാരമായ 75 കവിതകൾ) സമാഹരിച്ചു ‘നാട്ടുവെളിച്ചം’ എന്ന പേരിൽ ഇയ്യിടെ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും ഇവിടെ അനുസ്മരണീയമാകുന്നു. കൃഷ്ണനുണ്ണിയുടെ കവിതാരീതി കാണിക്കുവാൻ അദ്ദേഹത്തിൻ്റെ മറ്റു കൃതികളിൽനിന്നു ചില പദ്യങ്ങൾ ഉദ്ധരിച്ചു കൊള്ളട്ടെ:
‘രാസിക്യത്തിനു കേളികേട്ടവരലം മേളിച്ചു മുമ്പെത്രയും
ഭാസിക്കും നില ചേർത്തണച്ചു നിതരാം ലാളിച്ചു പാലിക്കയാൽ
ഹാ! സിദ്ധിച്ചൊരു രാജമാന്യതയിലും നാടോടിയായ്ത്തീർന്നു ഞാൻ
ശാസിച്ചില്ല ജനങ്ങളന്നുചിതമായ് ശ്ലാഘിക്കയേ ചെയ്തു മാം.’
‘ജീവപ്രേയസിതൻ വിയോഗവിധുരം സ്വാന്തം തകർന്നേന്തിടും
ഭാവപ്രേംഖിതമാം ‘വിലാപ’മെഴുതിക്കാണിക്കെ, യെൻ തോഴരേ!
ഭാവം മാറി, യിതൂർദ്ധ്വാനാ,യനുപദം വേറിട്ടുപോകുന്നു ഹാ!
ജീവൻ താവക,മെന്നൊരല്പമറിയാനാളായതില്ലെന്നു ഞാൻ.’