പദ്യസാഹിത്യചരിത്രം. ഇരുപത്തിയഞ്ചാമദ്ധ്യായം

നവീനയുഗം (തുടർച്ച)

ശബ്ദാർത്ഥ സുന്ദരമായ അദ്ദേഹത്തിൻ്റെ വിവർത്തനങ്ങളുടെ രീതി കാണിക്കുവാൻ പ്രസിദ്ധമായ ഒരു സംസ്കൃതപദ്യത്തിൻ്റെ പരിഭാഷ ഇവിടെ ഉദ്ധരിക്കാം:

വാക്കിൽ കാമൻ തുടിക്കും മധുരയിലബല-
യ്ക്കാവിദേഹത്തിലോമ-
ന്നോക്കിൽ,ഗ്ഗൗഡിക്കു ദന്തങ്ങളിലണിജഘന-
ത്തിങ്കലായുൽക്കലത്തിൽ
കാക്കും കേശങ്ങളിൽക്കേരളിയിലി,നീ നിതം-
ബസ്ഥലത്തിൽ തെലുങ്കിൽ,-
ച്ചീർക്കും കാണ്ണാടകത്തിൽക്കടിയിലു, മതുപോൽ
ഗുർജ്ജരത്തിൽ സ്തനത്തിൽ.

തേറമ്പിൽ ശങ്കുണ്ണിമേനോൻ: നല്ലൊരു ഗദ്യകാരനും കവിയുമാണു പരിണതപ്രജ്ഞനായ ശങ്കുണ്ണിമേനോൻ. അദ്ദേഹത്തിൻ്റെ കൃതികളിൽ പലതും ഇനിയും പുസ്തക രൂപത്തിൽ വന്നുകഴിഞ്ഞിട്ടില്ല. കവിയുടെ രചനാവൈഭവം കാണിക്കുവാൻ സരസ്വതീസ്തവത്തിൽനിന്നും ഒന്നുരണ്ടു പദ്യങ്ങൾ ഉദ്ധരിച്ചുകൊള്ളട്ടെ:

കവിതകളെഴുതാൻ മോഹം- കവിയുന്നോരെനിക്കു വിധിജായേ!
കവിതാദേവി! ഭവൽകൃപ- കവിയേണം, നിളകഴൽക്കു കൂപ്പുന്നേൻ.

ഇടയനു കവിതകളെഴുതാ- നിടയാക്കിയ ശാരദേ! ശുഭേ! നിൻ്റെ
അടിയിണ നിത്യവുമോർക്കാ- നടിയനിലമ്മേ! കനിഞ്ഞുകൊണ്ടാലും.