നവീനയുഗം (തുടർച്ച)
കേരളത്തെപ്പറ്റി പാടിയിട്ടുള്ള കവികൾ പലരുണ്ട്. അവരുടെ കവിതകളിൽ കേരളീയതയോടൊപ്പം മറ്റനേകം ഘടകങ്ങൾ കൂടി നിറം കൂട്ടുന്നു. എന്നാൽ കേരളത്തിൻ്റെ കവി എന്നു് എല്ലാ അർത്ഥത്തിലും വിശേഷിപ്പിക്കാൻ കൂടുതൽ അർഹൻ പാലാ നാരായണൻ നായരാണ് എന്നു സി. പി. ശ്രീധരൻ പൗർണ്ണമിയുടെ അവതാരികയിൽ പ്രസ്താവിച്ചിട്ടുള്ളതിനോട് ഈ ഗ്രന്ഥകാരൻ പൂർണ്ണമായി യോജിക്കുകയാണ്. കേരളത്തെപ്പററി മമത്വാഭിമാനം ജനിക്കാൻ കവിക്കു തക്ക കാരണവുമുണ്ട്. കവിതന്നെ പറയുന്നതു കേൾക്കുക:
പാടുന്നുവെന്നോ – ശരിയല്ല; കേരളം
പാടിക്കയാണെന്നെയാനന്ദവീണയിൽ
ഭാരതനാട്ടിന്നകത്തുംപുറത്തുമായ്
പാരം നടന്ന ഞാൻ കണ്ട ഭൂഭംഗികൾ
കുന്നിച്ചുവെച്ചാലുമാവില്ല, നമ്മുടെ
കുന്നലനാടിനെക്കീഴടക്കീടുവാൻ
അന്ധമാമാരാധനയെന്നു ചൊല്ലുവോ-
രിന്ത്യതൻ കോണിലുറങ്ങിക്കിടക്കുവോർ.
