നവീനയുഗം (തുടർച്ച)
കബീർസൂക്താവലിയിൽനിന്നുമാണു് താഴെ കുറിക്കുന്ന പദ്യങ്ങൾ ഉദ്ധരിക്കുന്നത്:
ചോദ്യം ചോദിക്കയേ വേണ്ട- മഹാന്മാരുടെ ജാതിയെ
വാളിൻ്റെ വിലചോദിക്കാം – വാളുറയ്ക്കെന്തിനാണതു്?
സജ്ജനത്തിൻ മനസ്സെന്നും മുറത്തെപ്പോലെയാകണം
തിന്മയാം പതിർനീക്കീട്ടു- നന്മ ശേഷിച്ചു കിട്ടുവാൻ.
ദയയുണ്ടോ ധർമ്മമുണ്ടു- ലോഭമായാലധർമ്മവും
ക്രോധം നാശത്തിനാണെങ്ങോ-ക്ഷമയുണ്ടങ്ങു ദൈവവും.
പി. ടി. ലാസർ: പി. ടി. എൽ. എന്ന മൂന്നക്ഷരത്തിൽ നിലകൊള്ളുന്ന പി. ടി. ലാസർ രണ്ടു പതിറ്റാണ്ടിലധികമായി മലയാളകാവ്യലോകത്തു പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടു്. അദ്ദേഹത്തിൻ്റെ ‘കൃഷിക്കാരൻ’ ഒന്നാന്തരം ഒരു റിയലിസ്റ്റ് കവിതയാണു്. അതിലെ കണ്ടൻകോരൻ നിസ്സഹായരായ ഇന്നത്തെ കർഷകരുടെ മുഴുവൻ പ്രാതിനിദ്ധ്യം വഹിക്കുന്നു. നെല്ലെടുപ്പുദ്യോഗസ്ഥൻ്റെ അധികാരഭാവവും നിർദ്ദയത്വവും വരച്ചുകാണിക്കുന്ന അതിലെ ഭാഗങ്ങൾ വായിക്കുമ്പോൾ, ചങ്ങമ്പുഴയുടെ പ്രസിദ്ധമായ വാഴക്കുലയിലെ രംഗങ്ങളെപ്പോലും പിന്നിലാക്കുന്നുണ്ടോ എന്നു തോന്നിപ്പോകും. അത്രകണ്ട് ഭാവോജ്വലവും ഹൃദയഹാരിയുമാണു് പ്രസ്തുത ഭാഗങ്ങൾ. ‘ആ വിളി’ ഒരു സമാഹാരമാണു്. 20 ലഘുകവിതകൾ അതിൽ അടങ്ങിയിരിക്കുന്നു. വിവിധ രൂപങ്ങളിൽ ഉടലെടുത്തിട്ടുള്ള പ്രസ്തുത കൃതി ഏതു ഭിന്നരുചിക്കാർക്കും ആസ്വദിക്കുവാൻ വകനല്കുന്ന ഒന്നുതന്നെ. ജീവിതാനുഭൂതികളിൽനിന്നു് ഉയിർക്കൊണ്ട അനേകം കവിതകൾ ഇതിലും അടങ്ങിയിരിക്കുന്നു. ‘ആ വിളി’ കാളിയുടെ കരളിനെ മാത്രമല്ല, മനുഷ്യത്വമുള്ള ഏതൊരാളുടേയും കരളിനെ മഥിക്കുവാൻപോരുന്ന ഒരു കവിതതന്നെ.