നവീനയുഗം (തുടർച്ച)
ശാസ്ത്രവിഷയങ്ങളെപ്പോലും ഭാവനയിൽ ഉരുക്കിയെടുത്തു കാവ്യരൂപത്തിൽ പ്രകാശിപ്പിക്കുവാൻ പി. ടി. എൽ. വിദഗ്ദ്ധനാണു്. ‘ഇടിമിന്നൽ’ എന്ന കവിത നോക്കുക:
എങ്ങുവാ,നെങ്ങുവാൻ? വെമ്പിപ്പറക്കുന്നു
വിണ്ണും ജഗത്തും തിളക്കുന്ന മിന്നൽ നീ
പേടിച്ചരണ്ടുപോകുന്നതീ ഭൂലോക-
വാടിയൊന്നാകവേ നിൻ ദീപ്തി കാൺകവേ.
എന്നു തുടങ്ങുന്ന അതിലെ ഓരോ വരിയും ശ്രദ്ധേയമാണു്. കവി മിന്നലിനെ സംബോധന ചെയ്യുന്നതുതന്നെ നോക്കുക:
സ്പർശിക്കുവാനാർക്കുമെത്താതെയാരെയും
സ്പർശിച്ചുകൊള്ളാൻ പഠിച്ച സാമർത്ഥ്യമേ!
രണ്ടു ചിത്രങ്ങൾ, അമ്മിണി, കടൽക്കരയിൽ തുടങ്ങിയ അതിലെ മറ്റു കവിതകളും എടുത്തുപറയത്തക്കതുതന്നെ. ഭാവനയും നിരീക്ഷണപാടവവും അന്യോന്യരഞ്ജിതമായി മേളിച്ചിട്ടുള്ള ഒരു അനുഗൃഹീതകവിയാണ് പി. ടി. എൽ. കാട്ടരുവി, ഓണംവന്നാലും ഉണ്ണി പിറന്നാലും എന്നിവ പുതിയ സമാഹാരങ്ങളത്രേ.