പദ്യസാഹിത്യചരിത്രം. ഇരുപത്തിയഞ്ചാമദ്ധ്യായം

നവീനയുഗം (തുടർച്ച)

ശൂരനാട്ടു കുഞ്ഞൻപിള്ള : ഈ നാമധേയം കേൾക്കുന്ന മാത്രയിൽ മലയാള മഹാനിഘണ്ടുവാണു് നമ്മുടെ മുന്നിൽ ആദ്യം പ്രത്യക്ഷപ്പെടുക. പാണ്ഡിത്യം, പ്രയത്നം, ബുദ്ധിശക്തി എന്നിവയുടെ അന്യോന്യരഞ്ജിതമായ മേളനത്തിൽ നിന്നും സമുൽഭൂതമായ ആ ഉൽകൃഷ്ട ഗ്രന്ഥത്തിൻ്റെ നിർമ്മിതിക്കുവേണ്ടിത്തന്നെയാണു് അദ്ദേഹം തൻ്റെ ജീവിതത്തിൻ്റെ ചൈതന്യസമുജ്ജ്വലമായ കാലം മുഴുവൻ ചെലവഴിച്ചത്. തന്നിമിത്തം ആ മഹാഗ്രന്ഥത്തിലൂടെ അദ്ദേഹത്തെ സ്മരിച്ചു പോകുന്നതിൽ അത്ഭുതപ്പെടുവാനില്ല. എന്നാൽ, വാസനയുടേയും പരിശ്രമത്തിൻ്റേയും ചെല്ലസ്സന്താനമായ ഈ മഹാപണ്ഡിതൻ ഭാരിച്ച ലക്സിക്കൺ പ്രവർത്തനങ്ങളിൽ ഏർപ്പട്ടിരിക്കുമ്പോഴും സാഹിത്യത്തിൻ്റെ മറ്റു ചില രംഗങ്ങളിലും അല്പാല്പം ശ്രദ്ധചെലുത്താതിരുന്നില്ല. തൽഫലമായി അത്തരം രംഗങ്ങളിലെല്ലാം ഫലപ്രദമായി ചില നേട്ടങ്ങൾ ഉണ്ടായിട്ടുമുണ്ട്. അവയിൽ ഗണനീയമായ ഒന്നാണ് കവിതാരംഗത്തുണ്ടായ അദ്ദേഹത്തിൻ്റെ ‘ഹൃദയാർപ്പണം’. വാസ്തവത്തിൽ കവിതാദേവിയുടെ മുമ്പിൽ കവി ചെയ്യുന്ന ഹൃദയാർപ്പണംതന്നെയാണു് ആ സമാഹാരത്തിലെ ഓരോ കവിതയിലുമുള്ളതു്. ‘മറ്റു സാഹിത്യമണ്ഡലങ്ങളിൽനിന്നും കൃത്യവ്യാകുലതയിൽനിന്നും പിൻവാങ്ങി കവിതാദേവിയുടെ മുമ്പിൽ കുമ്പിട്ടു സമാശ്വാസം നേടിയ സന്തോഷാനുഭൂതിയെ അനുസ്മരിച്ചുള്ള ഹൃദയാർപ്പണം’ മാത്രമാണ് ഇതെന്നു പ്രസ്താവനയിൽ കവി കുറിച്ചിട്ടുള്ളതു് നൂറു ശതമാനവും ശരിയാണു്. കാവ്യോപാസന എന്ന ഒരു കവിതയിൽ,

കവനശുഭകലാംബികേ, കനിഞ്ഞി-
ന്നരുളുക നിൻവരമർത്ഥിയാമെനിക്കു്
കരുണയൊടിവനിൽ കടാക്ഷവർഷം
ചൊരിയുക, ഭാവന പൂവണിഞ്ഞിടട്ടെ! എന്നും,

കതിരവനുയരുമ്പോൾ മന്ദഹാസം
കനിവൊടു തൂകിന പൂക്കൾതോറുമമ്മേ!
ഭഗവതി തുടരുന്ന നൃത്തമെന്നും
മമ ഹൃദയാംബുരുഹത്തിലാക്കിടേണേ!

എന്നും കവി ചെയ്തിട്ടുള്ള പ്രാർത്ഥന, ഈ സമാഹാരത്തിലെ ഓരോ കവിതയിലും ഫലിച്ചിട്ടുള്ളതുപോലെ തോന്നുന്നു.