നവീനയുഗം (തുടർച്ച)
ഹൃദയാർപ്പണത്തിലുള്ള പതിനൊന്നു കവിതകളും ഉന്നതങ്ങളും ഓരോവിധത്തിൽ ശ്ലാഘനീയങ്ങളുമത്രെ. എന്നുവരികിലും അതിലെ ‘ആത്മഗീത’ഹിമാലയത്തിൽ എവറസ്റ്റ് എന്നപോലെ ഉത്തുംഗമഹിമാതിരേകത്തോടെ പ്രത്യേകം വിളങ്ങുന്നുവെന്നു പറയേണ്ടതുണ്ട്. പ്രസ്തുത കവിതയുടെ ഉത്ഭവകാലത്തുതന്നെ അതിലെ സാരസ്വതം കവിയുടെ രസനയിൽനിന്നു നേരിട്ടു കേൾക്കുവാനുള്ള ഭാഗ്യം ഈ ലേഖകനു സിദ്ധിച്ചിരുന്നു എന്ന വസ്തുതകൂടി ഈയവസരത്തിൽ പ്രസ്താവിച്ചുകൊള്ളട്ടെ. ആത്മഗീത എന്ന തലക്കെട്ട് എത്രയും അന്വർത്ഥമായി നിലകൊള്ളുന്നു. കവിയുടെ ആത്മാവിൽനിന്നുയരുന്ന ഒരു കവിതയാണതു്. ജീവിതം എന്ന പ്രതിഭാസത്തിലേക്കു കവിയുടെ ഉൾക്കണ്ണു കടന്നുചെന്നു കാണുന്ന കാഴ്ചകളാണു് അതിലെ പ്രതിപാദ്യം. ജീവിതത്തിൻ്റെ ഉത്ഭവപരിണാമാദികളിലേക്കു തിരിഞ്ഞുനോക്കുന്ന പരിണതപ്രജ്ഞനായ കവി സമർത്ഥമായി ചിന്തിക്കുന്നു. ശൂന്യതയിൽനിന്നു ലോകം രൂപംകൊള്ളുന്നതും ജീവൻ ബഹുരൂപങ്ങൾ കൈക്കൊണ്ടു് അവസാനം മനുഷ്യത്വം പ്രാപിക്കുന്നതും മറ്റും ചിന്തോദ്ദീപകമായി, കവിതാമയമായി ഇതിൽ പ്രകാശിപ്പിച്ചിരിക്കയാണു്.
മാതാവിൻ മാറിൽ,ക്കൈയിൽ- ത്തൊട്ടിലിൽപ്പൂഴിപ്പുറ-
ത്തേതാനും കാലം കഴി- ച്ചൊന്നെണീറ്റുയർന്നപ്പോൾ,
ബന്ധത്താൽ, മോഹങ്ങളാ- ലാശയാൽ, നൈരാശ്യത്താൽ
ഹന്ത! ഞാനി മണ്ണിൻ്റെ- കേവലം സന്താനമായ്