പദ്യസാഹിത്യചരിത്രം. ഇരുപത്തിയഞ്ചാമദ്ധ്യായം

നവീനയുഗം (തുടർച്ച)

കേരളം വളരുന്നു എന്ന കാവ്യപരമ്പരയുടെ ഒരു സംക്ഷിപ്താവതരണമാണു് ‘മലനാട്’. പാലായുടെ ഭാവനാവ്യാപാരവും ശയ്യാപാകാദി രാജൽസ്സരസതയും ഇതിലും ഉടനീളം തത്തിക്കളിക്കുന്നു.

ചോരയോട്ടം തുടർന്നഴകിൻ്റെ കോരകങ്ങൾ പുലർന്ന പൂമെയ്യിൽ
പൂലതകളാൽ കഞ്ചുകം ചാർത്തി നീലസാഗരസാരികൾ ചുറ്റി,
ശൈലകാനനവേണികൾ ചിക്കി സൈകതസരോദർപ്പണം നോക്കി,
സാരസങ്ങളാൽ പുഞ്ചിരി ചിന്നി വീരകേരളസുന്ദരി മിന്നി

എന്നിങ്ങനെയുള്ള ഭാഗങ്ങൾ നോക്കുക.

ദേശാഭിമാനദ്യോതകങ്ങളാണു് പാലായുടെ കവിതകളിൽ നല്ലൊരു ഭാഗവും. കേരളം വളരുന്നു എന്ന കൃതിയിലെ ഭൂരിഭാഗം വർണ്ണനകളും അങ്ങനെയുള്ളവയാണല്ലോ. ജവഹരിലാൽ നെഹ്റു, ആസാദ് തുടങ്ങിയ നേതാക്കന്മാരെപ്പറ്റി എഴുതിയിട്ടുള്ള കവിതകളും ഒന്നാംതരം ദേശീയ കവിതകളാണു്. എന്നാൽ മറ്റു ചില കവികൾ ചെയ്യാറുള്ളതുപോലെ, അന്ധമായ ആരാധനയോ വൃഥാസ്ഥൂലമായ വർണ്ണനകളോ അല്ല അവയിൽ പാലാ ചെയ്യാറുള്ളതു്. ആശയങ്ങളും പദങ്ങളും ആ ഘട്ടങ്ങളിലെല്ലാം ഒരു മർമ്മഗ്രാഹിയെപ്പോലെ കൈകാര്യം ചെയ്യുവാൻ അദ്ദേഹം ശക്തനായിത്തീരാറുണ്ട്.