നവീനയുഗം (തുടർച്ച)
‘അമരജ്യോതിസ്സ്’ എന്ന പേരിൽ ആസാദിൻ്റെ ചരമത്തെപ്പറ്റി എഴുതിയ കവിതയിലെ ഒരു ഭാഗം നോക്കുക:
അപ്രതീക്ഷിതമായിക്കേട്ടു, ഞാനാസാദിൻ്റെ
വിപ്രയോഗത്തിൻ വാർത്ത നിദ്രവിട്ടെഴുന്നേല്ക്കെ,
പുലരിത്തുടുപ്പിനെ പിന്നെയും തമസ്സെത്തി-
പ്പുണരുന്നതായ് തോന്നീ, കണ്ണിണ താനേ കൂമ്പീ;
കമ്പിതമനസ്ക്കനായ് നിന്നു ഞാൻ ‘പടച്ചോൻ്റെ’
മുമ്പിലേക്കൊരു ദീർഘനിശ്വാസം തുറന്നിട്ടു;
സൽഫലാഢ്യമായ്ത്തീരും നേരമീ രസാലത്തിൽ
നിഷ്പതിക്കുവാനെന്തേ വൈദ്യുതാഘാതം ഘോരം?
അറിവിൻ വെളിച്ചങ്ങൾ നാൾക്കുനാൾ ജനതയ്ക്കു
നിറയെപ്പകർന്നേകിനിന്നൊരു കലാനാഥൻ,
അൻപതിൽപരം കൊല്ലം ഭാരതയുദ്ധങ്ങളി-
ലമ്പുകളനുസ്യൂതം തൊടുത്ത മഹാരഥൻ,
അന്തരിച്ചുപോയ്, നാടേ ! നീയൊരു നിർഭാഗ്യയാ-
ണന്തകൻ കളിക്കോപ്പായ് മാറ്റി നിന്നാത്മാവിനെ.
