നവീനയുഗം (തുടർച്ച)
പാലാഴി: പാലായുടെ കൃതികളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണു് ‘പാലാഴി’. ഈ സമാഹാരം ഒന്നുമാത്രം മതി, മഹാകവി പാലായുടെ കവിത്വം വിളംബരം ചെയ്യുവാൻ. മംഗളാർച്ചന തുടങ്ങി 65 ലഘുകവിതകൾ ഇതിൽ അടങ്ങിയിരിക്കുന്നു. കണ്ണശ്ശകവിതകളുടെ ഒരു നവ്യാനുഭവം ഇതിലെ ‘അമൃതകല’യുടെ പാരായണത്തിൽ അനുവാചകർക്കു തോന്നാതിരിക്കുകയില്ല.
ആനന്ദാമൃതജലധി കടഞ്ഞിട്ടഴകിലുമഴകായ് വന്നു പിറന്നോ-
രഭിനവപുണ്യപ്പൊരുളേ, നിന്നുടെ കലകളിലൊന്നോ രണ്ടോ കാൺകേ തൊഴുകൈയായിരമായിരമുടധിയിലുയരുന്നതിനൊത്തുജ്ജ്വലഗീതിക- ളൊഴുകുകയാണതിശീതളമാരുതതരളിതമുരളീനാളിയിലൂടേ
എന്നു തുടങ്ങിയ ഭാഗങ്ങൾ നോക്കുക. അനുഗൃഹീതനായ ഒരു ഉത്തമകവിക്കുമാത്രം സ്വാധീനമായ നൂതനകല്പനകൾ ഇതിൽ പരക്കെ പരന്നു വിലസുന്നു. വാർതിങ്കൾക്കലയെ വർണ്ണിക്കുന്ന ഒരു ഭാഗം നോക്കുക:
ആകാശത്തിൻകോണിലൊരേടത്തിരുളിൻ പായലിനുള്ളിൽ വിടർന്നിടു- മനുപമകൈരവകോരകമേ, നിൻ കരളിന്നിതളിൽ നിറന്ന നിലാവിൽ അഖിലചരാചരഭൂതധരിത്രിയുമതിനുടയാടകൾ നെയ്ത സമുദ്രവു-
മഴകൊഴുകും നവകവിതാമൃതരസലഹരി നുകർന്നു മയങ്ങുകയല്ലീ!
