പദ്യസാഹിത്യചരിത്രം. ഇരുപത്തിയഞ്ചാമദ്ധ്യായം

നവീനയുഗം (തുടർച്ച)

ഇത്തരം കല്പനകൾ ഇതുപോലെ അനായാസമായൊഴുക്കുവാൻ ഇന്നത്തെ മലയാള കവികളിൽ എത്രപേർക്കു കഴിവുണ്ട്? മധുരമനോഹരപദങ്ങളുടെ നൃത്തം അതങ്ങനെ; എല്ലാവിധത്തിലും നിർവ്വാണസുഖദമായ ഒരമൃതകലതന്നെ ‘അമൃതകല’.

അന്തർമ്മുഖനായ ഒരു കവിയുടെ ആത്മാവിഷ്കരണമാണ് ‘നാകദീപ്തികൾ’ എന്ന കവിതയിൽ. അതിലെ ഒരു ഭാഗം ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ:

ഹിംസ്രജീവികൾ, ഭൂതപ്രേതബാധകളോരോ
ഹിംസതൻ പര്യായങ്ങൾ ചൂഴുമീ വഴിവക്കിൽ,
വീണു ഞാനടിഞ്ഞേക്കാമെങ്കിലെൻ സങ്കല്പങ്ങൾ
കേണുകേണെത്തിച്ചേരും ശാശ്വതസങ്കേതത്തിൽ
ആഗ്രഹിച്ചവയെല്ലാം നേടുകില്ലാരും പാരി-
ലാശയും പ്രതീക്ഷയും ബാക്കിവയ്ക്കുന്നു നമ്മൾ!
സമദുഃഖിതന്മാരാണേവരും, കാമക്രോധ-
സമരങ്ങളിൽപ്പെട്ടു ജീവിതം വ്രണപ്പെട്ടോർ!
ആർത്തമാം ജഗത്തിനെപ്പിന്നെയും തളിർപ്പിക്കാ-
നാർദ്രമാമനുകമ്പയല്ലാതെ മറെറാന്നുണ്ടോ?
ശോകമേ, തടുക്കായ്ക; ഞങ്ങളീ ഞാണിൽക്കൂടി-
യേകമാം ലക്ഷ്യത്തിലേക്കെത്തുവാൻ നിയുക്തന്മാർ!
വ്യാകുലപ്പെടുന്നതിലർത്ഥമി,ല്ലെന്നോ ചെന്നു
പൂകുമാ രംഗം സ്വപ്നവീചിയിൽ തെളിയുന്നു
വിരഹം സഹിക്കുവാനാവുകിൽ, നരകത്തിൽ
വിരിയും സുഖത്തിൻ്റെ നാകദീപ്തികൾ നാളെ.