നവീനയുഗം (തുടർച്ച)
കെ. എം. പണിക്കർ: സർദാർ കെ. എം. പണിക്കർ എന്ന പേരിൽ സുപ്രസിദ്ധനായിട്ടുള്ള കാവാലത്ത് ചാലയിൽ മാധവപ്പണിക്കർ മലയാളസാഹിത്യ ലോകത്തിൽ പലപ്രകാരത്തിലും സമാരാദ്ധ്യനായ ഒരു ഉന്നതവ്യക്തിയത്രെ. ഗദ്യപദ്യങ്ങളിൽ ഒന്നുപോലെ സവ്യസാചിത്വംപൂണ്ടു വിളങ്ങുന്ന പ്രതിഭാപ്രഭാവ ചതുരനുമാണദ്ദേഹം. കേവലം വിദ്യാർത്ഥിയായിരുന്നകാലം മുതല്ക്കേ കവിതാകാമിനിയുമായി നർമ്മസല്ലാപം ആരംഭിച്ചിരുന്നു. ഇതിനകം ഒട്ടനേകം സൽകൃതികൾ കാവ്യദേവതയ്ക്ക് അദ്ദേഹം സമർപ്പിക്കുകയും ചെയ്തുകഴിഞ്ഞു. പണിക്കർ ഒരു വിദ്യാർത്ഥിയുടെ നിലയിൽ ഇംഗ്ലണ്ടിൽ ഓക്സ്ഫോർഡിൽ താമസിച്ചുകൊണ്ടിരുന്ന നാലഞ്ചു വർഷങ്ങൾക്കിടയിൽ പല അവസരങ്ങളിലായി എഴുതി, അക്കാലത്തെ ‘കവനകൗമുദി’, ‘ആത്മപോഷിണി’ മുതലായ മാസികകളിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന 26 ഖണ്ഡകവനങ്ങൾ അടങ്ങിയ ഒരു പദ്യകൃതിയാണു് ‘അപക്വഫലം’. ഇതിലെ പദ്യങ്ങളും ഹൃദയംഗമങ്ങളായിട്ടുണ്ട്.
സുഖത്തൊടെൻ യൗവനകാലമാദിയിൽ
കഴിച്ച യൂറോപ്യധരാലലാമമേ!
അനോപമശ്രീയണിയുന്ന നിൻപദം
തൊഴുന്നു ഞാനിന്നു വിനീതനായിതാ
എന്നു തുടങ്ങിയവ കവി ആംഗലഭൂഭാഗത്തെ വിട്ടുപിരിയുമ്പോഴുള്ള യാത്രാവചനങ്ങളാണു്. പണിക്കരുടെ സുഗമമായ പദവിന്യാസം, അവക്രമായ രചന തുടങ്ങിയവ ഈ കൃതിയിൽ ആപാദചൂഡം നിറഞ്ഞുവിലസുന്നു.
