പദ്യസാഹിത്യചരിത്രം. ഇരുപത്തിനാലാമദ്ധ്യായം

നവീനയുഗം (തുടർച്ച)

കവിയുടെ ആദ്യകാലകവനങ്ങൾ അധികവും ശൃംഗാരരസപ്രധാനങ്ങളാണു്. ‘ബാലികാമതം’ അവയിൽ വളരെ പ്രസിദ്ധിയാർജ്ജിച്ച ഒന്നത്രെ. സുരഭിലകുസുമങ്ങൾ കൊണ്ടെന്നപോലെ മധുരമധുരമായ ഭാവഗീതങ്ങൾ ഇണക്കിക്കോർത്ത് കൈരളീകാവ്യകന്യകയുടെ കണ്ഠത്തിൽ ചാർത്തിയിട്ടുള്ള ഒരു മനോജ്ഞമാലതന്നെയാണു കവിയുടെ ‘പ്രേമഗീതി’. അനുകൂലയായ ഒരു നായിക, നായകൻ ചെന്നെത്തവേ തനിക്കു നല്കിയ സൽക്കാരവിശേഷങ്ങളെപ്പറ്റി തൻ്റെ തോഴരെ വർണ്ണിച്ചു കേൾപ്പിക്കുന്ന ഒരു ഭാഗം നോക്കുക :

തോഴരേ, വർണ്ണിപ്പതെങ്ങനെയാണു ഞാൻ – കേഴമിഴിയുടെ സൽക്കാരത്തെ മല്ലക്കൺപൂക്കളെച്ചുറ്റും വിതറിനാൾ – വെള്ളരി സുസ്മിതം നീളെത്തുകി തോഷാശ്രുപൂരമാമർഘ്യപാദ്യങ്ങളും – ഭൂഷാക്വണിതമാം വാദ്യങ്ങളും നിശ്വാസസൗഗന്ധവെഞ്ചാമരക്കാറ്റു – മച്ചാരുഗാത്രിയാളപ്പൊഴേകി.

നീട്ടിയ കൈകളാം നീരജമാലയെ – ഗാഢം ഗളത്തിങ്കൽ ചേർത്തുനിന്നു
അവ്യാജസ്നേഹം തുളുമ്പുന്ന ദൃഷ്ടിയാൽ – ഭവ്യമെനിക്കവളോതി മെല്ലേ
ഉൾക്കാമ്പിൽ സമ്പൂർണ്ണപ്രേമയാം തന്വിതൻ – സല്ക്കാരഭംഗികൾ ചിത്രമത്രേ.