പദ്യസാഹിത്യചരിത്രം. ഇരുപത്തിനാലാമദ്ധ്യായം

നവീനയുഗം (തുടർച്ച)

‘ചാടൂക്തിമുക്താവലി’, ‘വിലാസമഞ്ജരി’ എന്നിവയും ശൃംഗാരരസപ്രധാനങ്ങളാണു്. അപക്വഫലത്തിൻ്റെ അനന്തരഗാമികളായി പുറപ്പെട്ട ബാലികാമതം തുടങ്ങിയ കൃതികൾ ശൃംഗാരരസപ്രധാനങ്ങളാണെങ്കിൽ, ആ രസത്തിൻ്റെ സ്പർശം ലവലേശമില്ലാത്ത വിചാരരമണീയമായ – ആദ്ധ്യാത്മികസുന്ദരമായ – ഒരു കാവ്യതല്ലജമാണ് കവിയുടെ ‘ചിന്താതരംഗിണി’.

കഴിഞ്ഞൊരെൻ ജീവിതമെങ്ങു മുന്ന-
മാശിച്ചതാം ശോഭനഭാവിയെങ്ങോ,
വളഞ്ഞുനീണ്ടുള്ളൊരു ജീവിതാദ്ധ്വാ-
വളന്നു നോക്കീടുകിലെന്തു പുണ്യം?

എന്നു ഹൃദയം വെന്തു നീറുന്ന വീർപ്പോടുകൂടി ആ ഹൃദയത്തിൻ്റെ അഗാധതയിൽ നിന്നു പുറപ്പെടുന്ന ചിന്താതരം​ഗിണി അനേകമനേകം കല്ലോലപരമ്പരകളോടു കൂടി പലവഴി ചുറ്റിത്തിരിഞ്ഞു് ഒടുവിൽ പ്രാപ്യസ്ഥാനത്ത് എത്തിച്ചേരുന്ന വിധത്തിലുള്ള ഒരു ചിത്രമാണ് പ്രസ്തുത കാവ്യത്തിലുള്ളത്. ചിന്താബന്ധുരമായ ആ കാവ്യത്തിൽനിന്നു രണ്ടുമൂന്നു പദ്യങ്ങൾ മാത്രം ഉദ്ധരിക്കുവാനേ ഇവിടെ തരമുള്ളു.