പദ്യസാഹിത്യചരിത്രം. ഇരുപത്തിനാലാമദ്ധ്യായം

നവീനയുഗം (തുടർച്ച)

”അന്യോന്യസംപീഡനശക്തിയോടെ
നിർമ്മിച്ചു ജന്തുക്കളെ ഹന്ത! ദൈവം
ജയിച്ചവർക്കും ബത, തോറ്റവർക്കും
കൊടുപ്പതോ പാർക്കിലതൃപ്തിതന്നെ.”

”നിരന്തരം മാറിമറിഞ്ഞു രൂപാ-
ന്തരം ഭവിപ്പോരു മനുഷ്യചിത്തം
സൗന്ദര്യമിന്നസ്ഥിരധർമ്മമായി-
ക്കാണുന്നതിൽ വിസ്മയമെന്തു പിന്നെ!”

“അന്നന്നു കാണുന്ന വെളിച്ചമൊത്തു
ധൈര്യത്തൊടും ജീവിതയുദ്ധഭൂവിൽ
സ്വധർമ്മശാസ്ത്രങ്ങൾ ധരിച്ചു യുദ്ധം
നടത്തുവോൻ ശാന്തിയടഞ്ഞിടുന്നൂ.”

ഭൂപസന്ദേശം, സാന്ധ്യതാരം, ഹൈദർനായ്ക്കൻ (ചമ്പൂപ്രബന്ധം), അമൃതലഹരി, സ്വാതന്ത്ര്യസൗരഭം, അംബാപാലി, ഇണപ്പക്ഷികൾ, രസികരസായനം (റുബായിയാത്തിൻ്റെ തർജ്ജമ), പങ്കീപരിണയം എന്നിവയാണു് കവിയുടെ മുഖ്യങ്ങളായ മറ്റു കൃതികൾ. പങ്കീപരിണയം ഒരു പരിഹാസകവനമാണു്. പങ്കിയുടെ സ്വയംവരത്തിൽ ക്ഷണമനുസരിച്ചു നമ്മുടെ മഹാകവികളിൽ ചിലരും വന്നുചേരുന്നുണ്ട്. വള്ളത്തോളിനെ ആ ഘട്ടത്തിൽ വളരെയധികം അഭിനന്ദിക്കയും, ഉള്ളൂരിനെ നിർദ്ദയമായി അവഹേളിക്കയും ചെയ്തിട്ടുള്ളതു രസാവഹമെങ്കിലും കവിയുടെ നിഷ്പക്ഷതയ്ക്കു യോജിക്കാത്തതായി തോന്നിപ്പോകുന്നു. ഈ വസ്തുത എങ്ങനെയിരുന്നാലും ബഹുധാ കൃത്യാന്തരപരതന്ത്രനായിക്കഴിഞ്ഞിരുന്ന സർദാർ, മറ്റനേകം ഗദ്യകൃതികൾക്കു പുറമേ നാനാവിഷയങ്ങളെപ്പറ്റി ബഹുമുഖങ്ങളായ ഇത്രവളരെ പദ്യകൃതികൾ എഴുതിക്കാണുന്നതോർക്കുമ്പോൾ അദ്ദേഹത്തിൻ്റെ അക്ഷീണമായ ഉത്സാഹശക്തിക്കും സാഹിത്യപ്രേമത്തിനും കൂപ്പുകൈ അർപ്പിക്കുവാൻ ആർക്കാണു് തോന്നാതിരിക്കുക?