നവീനയുഗം (തുടർച്ച)
എൻ. ഗോപാലപിള്ള: ഒരു കവി എന്നതിനേക്കാളും ഒരു കാവ്യനിരൂപകൻ എന്ന പേർ കൂടുതൽ അർഹിക്കുന്ന പ്രശസ്തപണ്ഡിതനും സഹൃദയാഗ്രണിയുമാണു് എൻ. ഗോപാലപിള്ള. അറിവിൻ്റേയും ആനന്ദത്തിൻ്റേയും ചില സ്ഫുരണങ്ങൾ കവിതാരൂപത്തിൽ ചിലപ്പോഴെല്ലാം അദ്ദേഹത്തിൽനിന്നു പുറത്തു വന്നിട്ടുണ്ടു്. ‘നവമുകളം’ അത്തരം ചില ലഘുകവനങ്ങൾ ഉൾക്കൊള്ളുന്ന ഒരു സമാഹാരമാണ്. അതിലെ ‘പൈങ്കിളിക്കൊഞ്ചൽ പ്രത്യേകം എടുത്തു പറയത്തക്ക ഒന്നു തന്നെ. പൈങ്കിളിക്കൊഞ്ചൽ എന്ന വ്യാജേന മനുഷ്യജീവിതത്തെയാണു കവി അതിൽ വർണ്ണിക്കുന്നത്. ‘പ്രേമസുഷമ’യാണു് അദ്ദേഹത്തിൻ്റെ മറ്റൊരു സമാഹാരം. സങ്കല്പരമണീയങ്ങളായ ഭാവഗീതങ്ങളാണു അതിൽ അധികവുമുള്ളതു്. രാഗസുരഭിലമായ കവിഹൃദയം കണ്ടാനന്ദിക്കുന്ന പ്രേമവിലാസമാണ് അതിൽ ഉടനീളം പ്രകാശിക്കുന്നതെന്നു പറഞ്ഞാലും അധികം തെറ്റില്ല.
1958 ഒക്ടോബർ നവംബർ ലക്കം ‘സാഹിത്യപരിഷത്തി’ൽ പ്രസിദ്ധപ്പെടുത്തിയിരുന്ന ‘ഹിമവാൻ പാടുന്നു’ എന്ന കവിത, ഗോപാലപിള്ളയുടെ പാണ്ഡിത്യവും കവനനൈപുണിയും ഒന്നുപോലെ പ്രദർശിപ്പിക്കുന്ന ഒന്നത്രെ.
സ്ഫുടതരതാരകനികരം വിടരും
വിതതവിഹായസമകുടം ചൂടാൻ.
