പദ്യസാഹിത്യചരിത്രം. ഇരുപത്തിനാലാമദ്ധ്യായം

നവീനയുഗം (തുടർച്ച)

വാർദ്ധിയിൽനിന്നും പൊങ്ങിവന്ന ഹിമവാൻ സ്വചരിത്രം പറയുകയാണു്:

ഉദ്ധതമാമെൻ മൂർദ്ധാവിന്മേൽ
തട്ടിപ്പൊട്ടിച്ചിതറിച്ചേരും
താരകൾപോലെ ഘനീഭൂതാംബുധി-
വീചീരാജീഫേനാവലിപോൽ
മമശിഖരങ്ങളിലൊളി വിതറീടും
ഹിമതതിയാലെ ഹിമാലയമായ് ഞാൻ.

കേവലം വനജന്തുക്കളായി വർത്തിച്ചിരുന്ന ഇരുകാലിമൃഗങ്ങൾ ക്രമേണ നാല്ക്കാലി മൃഗങ്ങളെ അടിമകളാക്കിയും, ഇണക്കിവളർത്തി കിങ്കരരാക്കിയും പാരെല്ലാം വെല്ലുന്നതും, അവൻ്റെ വംശം ‘ഭൂവിൻഭാവിയെ ബാധിക്കുന്നതും,’ ‘ആയിരമായിരമാണ്ടുകളങ്ങനെ പോയപ്പോൾ’ മംഗളധരണീമണ്ഡലമതു സമരാങ്കണമായി മാറുന്നതും, ആ ദുരന്തമൊഴിപ്പാൻ ‘ആദിയിൽ മർത്ത്യനഹിംസാമയമായ നീതി’ നിർദ്ദേശിച്ച ശാക്യകുലോജ്ജ്വലദീപം അവതരിക്കുന്നതും, പിന്നെയും ഇതുപോലെ ഓരോരോ ഘട്ടങ്ങളിൽ മർത്ത്യസംസ്ക്കാരത്തിനു് പതനോൽപ്പതനങ്ങൾ സംഭവിക്കുന്നതും മറ്റും നേരിൽ കണ്ടുകൊണ്ടു കഴിയുന്ന ഹിമവാൻ, ഒടുവിൽ തൻനാടുയരാൻ തൻമക്കളോട് അഭ്യർത്ഥിക്കുകയാണു്:

ഒത്തുപണിഞ്ഞെൻ മക്കൾ പുലർത്തുക
മത്തുങ്ഗത്വം വെന്ന മഹത്ത്വം
എൻ പ്രിയനാടിൻ ഭാഗ്യവിഭൂതിക-
ളെന്നും നോക്കിക്കിളരട്ടേ ഞാൻ.