പദ്യസാഹിത്യചരിത്രം. ഇരുപത്തിനാലാമദ്ധ്യായം

നവീനയുഗം (തുടർച്ച)

ഹിമവാൻ്റെ ഈ പാട്ടിൽ ഭാരതത്തിൻ്റെയും ലോകത്തിൻ്റെതന്നെയും ഇന്നേവരെയുള്ള വളർച്ചയുടെ ഒരു ചരിത്രം ഉള്ളടക്കിയിട്ടുണ്ട്. ഹിമവാനു് ഇന്ത്യയുടെ ഭാഗ്യവിഭൂതികളിൽ താൽപര്യമുണ്ടെന്നു് ആത്മകഥാരൂപേണ പറയുമ്പോൾ, ആ പർവ്വതത്തിൻ്റെ മേലുണ്ടാകുന്ന വിദേശീയാക്രമണത്തിനുനേരെയുള്ള ഒരു പ്രതിഷേധവും കൂടി അതിലടങ്ങുന്നുണ്ടല്ലൊ. അങ്ങനെ കാലിക പ്രാധാന്യവും പ്രസ്തുത കവിത നേടിയിരിക്കുന്നു.

മലയാളത്തിലെന്നതുപോലെ സംസ്കൃതത്തിലും മനോഹരമായി കവിതയെഴുതുവാൻ ഗോപാലപിള്ള പ്രഗല്ഭനായിരുന്നു. കുമാരനാശാൻ്റെ ‘ചിന്താവിഷ്ടയായ സീത’യുടെ സംസ്കൃതവിവർത്തനമായ ‘സീതാവിചാരലഹരി’ അത്തരം കൃതികളിൽ പ്രമുഖസ്ഥാനമർഹിക്കുന്നു. ഉള്ളൂരിൻ്റെ പ്രസിദ്ധമായ ‘പ്രേമസംഗീത’വും, ടാഗോറിൻ്റെ ‘ഗീതാഞ്ജലി’യുടെ ഇംഗ്ലീഷ്‌ വിവർത്തനവും ആ പ്രതിഭാശാലി അമരഭാരതിയിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഓരോന്നും വിജയിച്ചിട്ടുമുണ്ട്. മൂലകൃതികളിലെ ശബ്ദാർത്ഥ‌സൗന്ദര്യം കഴിയുന്നത്ര വിവർത്തനത്തിൽ പ്രതിഫലിപ്പിക്കുവാൻ സാധിച്ചിട്ടുണ്ടെന്നുള്ളതാണു് മേൽപ്പറഞ്ഞ ഭാഷാന്തരങ്ങളുടെ വിജയരഹസ്യമായി നിലകൊള്ളുന്നത്. കാളിദാസശൈലിക്കൊപ്പമായ ലാളിത്യവും ഭാഷാസൗന്ദര്യവും സ്മര്യപുരുഷൻ്റെ ഏതു കൃതിയിലും തെളിഞ്ഞു കാണാം. * (എൻ. ഗോപാലപിള്ള കൊല്ലം താലൂക്കിൽ ഉമയനല്ലൂർ തെക്കുംകര അയ്യനഴികത്തുവീട്ടിൽ ശങ്കുപ്പിള്ളയുടേയും നാരായണി അമ്മയുടേയും എട്ടാമത്തെ സന്താനമായി 1901 ആഗസ്റ്റ് 10-ാം തീയതി മകയിരം നക്ഷത്രത്തിൽ ജനിച്ചു. 1924-ൽ തിരുവനന്തപുരം മഹാരാജാസ് കോളേജിൽനിന്നു സംസ്കൃതമെടുത്തു ബി. എ. ബിരുദം നേടി. അക്കൊല്ലം മുതൽക്കുതന്നെ പ്രസ്തുത കോളേജിൽ സംസ്കൃതലക്‌ചററായി ഉദ്യോഗ ജീവിതവുമാരംഭിച്ചു. ലക്‌ചററായി കഴിയുന്നതിനിടയ്ക്ക് എം.എ. ബിരുദവും സമ്പാദിച്ചു. 1939 മുതൽ 1957 വരെ തിരുവനന്തപുരം സംസ്കൃത കോളേജ് പ്രിൻസിപ്പലായിരുന്നു. കേന്ദ്രസാഹിത്യഅക്കാദമി മെമ്പർ, കേരള സാഹിത്യഅക്കാദമി മെമ്പർ, സമസ്തകേരള സാഹിത്യപരിഷത്തു പ്രസിഡണ്ടു്, മലയാളം സർവ്വവിജ്ഞാനകോശം ചീഫ് എഡിററർ എന്നീ നിലകളിലെല്ലാം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എല്ലാവിധത്തിലും സഹൃദയാരാദ്ധ്യനായിരുന്ന ആ പണ്ഡിതവരേണ്യൻ 1968 ജൂൺ 10-ാം തീയതി 68-ാമത്തെ വയസ്സിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽവച്ചു ദിവംഗതനായി.)