പദ്യസാഹിത്യചരിത്രം. ഇരുപത്തിനാലാമദ്ധ്യായം

നവീനയുഗം (തുടർച്ച)

ജോലി കഴിഞ്ഞ് ഒട്ടുദൂരത്തുനിന്നെത്തുന്ന അച്ഛനെക്കണ്ടറിഞ്ഞ തന്മകൻ, ആഹ്ലാദഭരിതനായ ‘അയ്യയ്യ’യെന്ന നാദാമൃതം പുറപ്പെടുവിച്ച് അച്ഛനു് ജീവചൈതന്യം നല്കിക്കൊണ്ടടുക്കുന്നു. അടുത്ത നിമിഷത്തിൽ,

അക്കൊച്ചുകള്ളൻ്റെ പൂവൽക്കളേബരം
ചിക്കെന്നു കൈക്കുള്ളിലാക്കിക്കഴിഞ്ഞു ഞാൻ
ചെമ്പനീർത്താരിതൾച്ചേലൊത്ത ചുണ്ടത്തു-
മമ്പിളിത്തെല്ലൊളിത്തൂനെറ്റിയിങ്കലും,
പമ്പരം മെല്ലെക്കറക്കും കരത്തിലു-
മമ്പിൽ സമർപ്പിച്ചതായിരം ചുംബനം.

അതു കണ്ടുനില്ക്കുന്ന സഹൃദയനും ആ വാത്സല്യപുളകമണിയുകതന്നെ ചെയ്യുന്നു. ‘ഇല്ലെന്നുമുണ്ടെന്നും’ എന്ന കവിത രസികതപൂണ്ട ഒന്നാന്തരം സംഭവാഖ്യാനമാണ്.

പാൽനുരയ് ക്കൊപ്പം മിന്നും പൂമ്പട്ടുവസ്ത്രം ചുറ്റി-
ക്കാൽനടയായിപ്പോയാൽ കാണുവോർ പുച്ഛിക്കില്ലേ?
നാരിയും, പോരെന്നാകിലവളിൽപ്പറ്റിക്കൂടും
സാരിയും ചേരുന്നേരം പൂരുഷൻ ചുറ്റിപ്പോകും

എന്നും മറ്റുമുള്ള വരികൾ വായിക്കുമ്പോൾ അറിയാതെതന്നെ ആരും പൂപ്പുഞ്ചിരി തൂകിപ്പോകും.