നവീനയുഗം (തുടർച്ച)
മാന്ത്രികസഹ്യഗിരീന്ദ്രവിഭാതമാം
നേന്ത്രതൻ പൊന്നുംകുലയുമേന്തി
പോരിക സൗഭാഗ്യം കോരി വിളമ്പുവാൻ
കേരളകർഷകറാണിയാളേ
ഇവിടെ പ്രകൃതി സൗന്ദര്യത്തിൻ്റെ താഴ്‌വരയിലേക്ക് കവി വായനക്കാരെയും മാടിവിളിക്കുന്നതുപോലെ തോന്നിപ്പോകുന്നു. സുപ്രഭാതത്തെ പഴുത്ത നേന്ത്രക്കുലയോടു സാദൃശ്യപ്പെടുത്തിയതിലെ രസികത അനുപമമെന്നേ പറയാവൂ.
കേരളപ്രകൃതിയുടേയും കേരളസംസ്കാരത്തിൻ്റേയും സങ്കീർത്തനത്തിൽ കുഞ്ഞി രാമൻനായർക്കു് ഒരിക്കലും അലംഭാവംവന്നുകണ്ടിട്ടില്ല. തൻ്റെ കവിവാണി അതിനുവേണ്ടിത്തന്നെയാണു് ഏതു കൃതിയിലും അദ്ദേഹം അധികവും പ്രയോഗിച്ചിട്ടുള്ളത്. ഗ്രാമജീവിതത്തിൻ്റെ തുടിപ്പുകൾ കവിഹൃദയത്തിൽ വേലിയേറ്റം സൃഷ്ടിക്കുന്നതിൻ്റെ അനുരണനവും പലതിലും മുഴങ്ങിക്കേൾക്കാം. ഓലക്കുട പൊക്കിപ്പിടിച്ചു നില്ക്കുന്ന കരിമ്പനയമ്മാവൻ തുടങ്ങിയ കാവ്യരൂപങ്ങൾ കണ്ടുരസിക്കണമെന്നുള്ളവർ കുഞ്ഞിരാമൻനായരുടെ കൃതികളിലൂടെ സഞ്ചരിക്കതന്നെ വേണം.
