പദ്യസാഹിത്യചരിത്രം. ഇരുപത്തിനാലാമദ്ധ്യായം

നവീനയുഗം (തുടർച്ച)

കേരളത്തിൻ്റെ നാലതിരുകൾക്കുള്ളിൽ നിന്നുകൊണ്ടുള്ള കാഴ്ചകൾ ആണു് കുഞ്ഞിരാമൻനായർ കാണുന്നതെങ്കിലും അദ്ദേഹത്തിൻ്റെ പ്രതിഭ പ്രപഞ്ചംപോലെ അനുക്ഷണവികസ്വരമാണു്. അത്തരം പ്രതിഭയുടെ അവിരതസന്താനങ്ങളാണു് അദ്ദേഹത്തിൻ്റെ കൃതികളിൽ തത്തിക്കളിക്കുന്ന ഉന്നതഭാവനകൾ. ഒരു ഉദാഹരണം കൂടി ഇവിടെ ഉദ്ധരിക്കാം. ഇന്നാട്ടിലെ വൃക്ഷസംഹാരവും വനനാശവും മൂലം ‘ദേവകന്യക’- ഗ്രാമശ്രീ – അദൃശ്യമായിത്തീരുന്നതോർത്തു കരളുരുകി കവി വിലപിക്കുകയാണ്:

പാത നീളുകയാം വീണ്ടും തൊണ്ട വരളുന്നു തെളി-
നീർ തരുമോ കൊണ്ടലരിങ്കുഴലാളെ നീ?
ഒളിച്ചുകളിക്കുകയോ, വാനിൻ വഴിവക്കിലുള്ള
കുളിർതണ്ണീർപന്തലിലെ പെൺകൊടിയാളെ,
നിറകുടം നിരത്തിവെച്ചലിവിന്നമൃതു പണ്ടേ
ചുരത്തിയ തണ്ണീർപ്പന്തൽ ശൂന്യമായ് പോയോ?
തെച്ചിമലർ പൂത്ത പൊന്തക്കാടിനുള്ളിൽ തകർന്നുള്ളോ-
രത്താണിയോ, ദൂരെക്കാണ്മതസ്തശൈലമോ?
ഉടഞ്ഞു കൽച്ചുമരുകൾ, കോട്ടുവായക്കതകിന്മേൽ
കൊടും വേനലെട്ടുകാലി കുടിപാർക്കുന്നൂ!
പറവകൾ പാടും മരം മരിച്ചുപോയ്, ചുറ്റും ഹാസ്യ-
ച്ചിരിക്കള്ളിമുള്ളു നീളും ചുടല പൊങ്ങീ;