നവീനയുഗം (തുടർച്ച)
ചുരമാന്തും ചുടുകാറ്റി,ലാരോ കാട്ടിൽ കെട്ടിയിട്ട
കരിമല, വരളുന്ന നാവു നീട്ടുന്നു
ദയയറ്റു കൊലയേറ്റ കാനനലക്ഷ്മിതൻ ശവം,
ദഹിപ്പിക്കും ചിതത്തീയിൽ ചെന്നു ചാടിയോ?
കവിയുടെ ഭാവനകൾ അലംഭാവമില്ലാതെ ഇവിടെ പായുകയാണു്. കാനനലക്ഷ്മിയുടെ ശവം ദഹിപ്പിക്കുന്ന ചിതയിൽ ചാടി ദേവകന്യക അനുമരണം വരിച്ചോ എന്നു ചോദിക്കുന്ന, മഹാകവി പി.യുടെ അത്യുന്നതവും അതിരമണീയവുമായ ഭാവനയ്ക്കു മുമ്പിൽ മുകുളിതപാണിയായി നിന്നു് ഏതൊരാളും ‘നമോവാകം നമോവാകമേ’ എന്നു് ആദരപൂർവ്വം ഉദീരണം ചെയ്യാതിരിക്കുകയില്ല.
മലയാളത്തിലെ പ്രതിരൂപാത്മകകവിതകൾ നിർമ്മിച്ചിട്ടുള്ള കവികളിൽ ഗണ്യമായ ഒരു സ്ഥാനത്തിനു് കുഞ്ഞിരാമൻനായർക്കും അവകാശമുണ്ട്. അദ്ദേഹത്തിൻ്റെ കാവ്യസമാഹാരങ്ങളിൽ അത്തരം കൃതികൾ പലതും കാണാം. ‘കളിയച്ഛനി’ൽ, ആ സമാഹാരത്തിൻ്റെ നാമധേയം പൂണ്ട കളിയച്ചൻ മികച്ച ഒരു പ്രതിരൂപാത്മക കവിതയാണു്. കഥകളിയെ ജീവിതമാക്കി, ആ കഥകളിയിലെ കവിയെ ജീവിതരംഗത്തു വേഷം കെട്ടുന്ന ഒരുവനാക്കി, കഥകളിയാശാനെ – കളിയച്ഛനെ – ഈശ്വരനാക്കി സങ്കല്പിച്ചുകൊണ്ടുള്ള ഒരു കവിതയാണതു്. ഗുർവ്വനു ഗ്രഹത്തെ സർവ്വോപരിയായി അതിൽ കവി പ്രദർശിപ്പിക്കുന്നു. ഉള്ളൂരിൻ്റെ ചരമത്തെക്കുറിച്ചുള്ള ഭാവബന്ധുരമായ ഒരു വിലാപം ഈ സമാഹാരത്തിലുള്ളതും പ്രത്യേകം പ്രസ്താവയോഗ്യമാണു്.
