നവീനയുഗം (തുടർച്ച)
പൂക്കളം: കവിയുടെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ച് 1966-ൽ അന്നേവരെ അദ്ദേഹത്തിൻ്റെ വകയായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള കൃതികളിൽനിന്നു തിരഞ്ഞെടുത്ത നൂറ്റിപ്പതിനൊന്നു കവനപ്പൂക്കൾ സമഞ്ജസമായി സമാഹരിച്ചു വിരചിച്ച ഒരു മനോഹര’കള’മാണിത്. അസ്വസ്ഥമായ ഈ ലോകത്തിൽ നമ്മെ സ്വല്പസമയത്തേക്കെങ്കിലും പിടിച്ചിരുത്തി ആനന്ദിപ്പിക്കുവാൻ പോരുന്ന അനേകം സുരഭിലകുസുമങ്ങൾ ഇതിൽ നിക്ഷേപിച്ചിട്ടുണ്ട്. കേരളസംസ്കാരത്തിൻ്റെ മാറ്റൊലി ഏതിലും മുന്നിട്ടുനില്ക്കുന്നു. ആധുനികയുഗത്തിൻ്റെ നെടുവീർപ്പുകളും ഇതിൽ അവിടവിടെയായി പ്രതിദ്ധ്വനിക്കാതിരിക്കുന്നില്ല.
താമരത്തോണി: അതിസുന്ദരങ്ങളായ ഒട്ടേറെ ഭാവഗീതികളുടെ ഒരു സമാഹാരമാണു താമരത്തോണി. സി. പി. ശ്രീധരൻ എഴുതിയിട്ടുള്ള അവതാരിക ശ്രദ്ധേയവുമാകുന്നു. ആ സമാഹാരത്തിലെ ‘നരമേധം’ എടുത്തു പറയത്തക്ക ഒരു കവിതയാണു്. നമ്മുടെ നാട്ടിൽ അടുത്തകാലത്തു് ഉണ്ടായിട്ടുള്ള ധർമ്മഭ്രംശത്തിൽ
കവിക്കുള്ള അസഹ്യവേദന മൂർച്ചയേറിയ വാക്‌ശരങ്ങളായി അതിൽ പ്രകാശിക്കുന്നു.
