പദ്യസാഹിത്യചരിത്രം. ഇരുപത്തിനാലാമദ്ധ്യായം

നവീനയുഗം (തുടർച്ച)

ജീവിതത്തിൻ്റെ നിമ്നോന്നതതലങ്ങളിൽ – യാഥാർത്ഥ്യങ്ങളിൽ – കുറുപ്പു് ചിലപ്പോഴൊക്കെ കടന്നുചെന്നിട്ടില്ലെന്നും പറഞ്ഞുകൂടാ. എന്നാൽ അവിടെയും ഒരു പ്രശാന്തധീരൻ എന്ന നിലയ്ക്കല്ലാതെ ഒരു പ്രക്ഷോഭകാരിയായി അദ്ദേഹം ഒരിക്കലും ഭാവംമാറി നില്ക്കാറില്ല. ഒരു സാധുവിൻ്റെ ദയനീയതയേയും ദരിദ്രരിൽ കാരുണ്യമില്ലാത്ത ലോകത്തിൻ്റെ കാർക്കശ്യത്തേയും കവി ചിത്രീകരിക്കുന്നതു നോക്കുക:

ആതപജ്വാല തട്ടിയാപാദചൂഡം വേർപ്പാ-
ർന്നാറു നാഴികകൊണ്ടു പട്ടണംപൂകീ പാവം!
മേലാളാം മുതലാളി, തൻ നവസൗധത്തിൻ്റെ
കോലായിൽ നില്ക്കുന്നേരം ചെന്നവൻ കരം കൂപ്പി
നാലണയ്ക്കവനെത്രയെത്ര താണിരന്നിട്ടും
‘നാളെ വാ പൊയ് ക്കൊൾകെ’ന്നുമാത്രമായ് പ്രത്യുത്തരം;
ചിന്തിയ കണ്ണീരോടെ പിന്തിരിഞ്ഞവൻ മന്ദ-
മന്തിയിലിഴഞ്ഞിഴഞ്ഞെത്തിനാൻ കുടിലിങ്കൽ;
മൺചട്ടിയൊന്നിൽ കുറേത്തണ്ണീരച്ചെറുവീട്ടിൻ
നെഞ്ചിടിപ്പെന്നപോലെ കഷ്ടമേ! തിളയ്ക്കുന്നു! (കണ്ണീരും തണ്ണീരും)