നവീനയുഗം (തുടർച്ച)
ജഗൽസ്സമക്ഷം ഒരു ഖണ്ഡകാവ്യമാണു്. ദുർഗ്ഗേശനന്ദിനിയിലെ ഒരു രംഗമാണു് അതിലെ പ്രതിപാദ്യം. ബൈബിളിലെ ഒരു കഥയെ ഇതിവൃത്തമായി സ്വീകരിച്ചെഴുതിയിട്ടുള്ളതാണു് ‘രോഗിണി’. പുരാണപ്രസിദ്ധമായ ഏതാനും വീരനായികമാരുടെ ചരിതം നല്ല ഭാവനയുടെ സഹായത്തോടുകൂടി വിരചിച്ചിട്ടുള്ള ഒരു കൃതിയാണു് ‘പഞ്ചകന്യാദർശനം’. അഹല്യ പറയുന്നതാണിത്:
പുരുഷസാഹസച്ചെന്തീയിലെത്രയോ
ചാരിത്രപുഷ്പം കരിയുന്നു കഷ്ടമേ!
എന്നെച്ചതിച്ച സുരാധിപൻ വാഴുന്ന
വിണ്ണിനേക്കാളും നരകം സുഖപ്രദം.
തുളസീദാസരാമായണം, തിരുക്കുറൾ എന്നിവ കൈരളിക്കു മുതൽക്കൂട്ടു വർദ്ധിപ്പിക്കുന്ന രണ്ടു നല്ല തർജ്ജമകളാണു്. ‘കദളീവനം’ കവിയുടെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള തിരഞ്ഞെടുത്ത കവിതകളുടെ ഒരു നല്ല സമാഹാരമാണു്.
