നവീനയുഗം (തുടർച്ച)
കെ. കെ. രാജാ: കാവ്യാന്തരീക്ഷത്തിൽ ലബ്ധപ്രതിഷ്ഠനായ ഒരു കവീന്ദ്രനാണു കെ. കെ. രാജാ. ഭാവനാപടുത്വം, ശബ്ദങ്ങളെ സമഞ്ജസമായ വിധത്തിൽ സമ്മേളിപ്പിച്ചു ചൈതന്യസമുജ്ജ്വലങ്ങളായ ആശയപരമ്പരകളെ വെളിപ്പെടുത്താനുള്ള കഴിവു് എന്നിവ രാജാവിൻ്റെ തൂലികയുടെ ചില പ്രത്യേകതകളാണു്. ചുരുങ്ങിയ പദങ്ങളിൽ വിപുലമായ ആശയത്തെ വ്യഞ്ജിപ്പിക്കുവാൻ കവിക്കുള്ള വൈഭവം അന്യാദൃശമെന്നേ പറയാവൂ.
ഒരൊറ്റ മണ്ണിൻതരിയെശ്ശരിക്കു
മർത്ത്യൻ്റെ പാണ്ഡിത്യമറിഞ്ഞതില്ല;
പരന്ന വാനിൽപ്പലമട്ടു പായും
ബ്രഹ്മാണ്ഡകാണ്ഡങ്ങളെയെന്തു പിന്നെ? (വെള്ളിത്തോണി)
മർത്ത്യൻ്റെ പദാർത്ഥവിജ്ഞാനീയത്തെപ്പറ്റി പ്രസ്താവിക്കുന്ന പ്രസ്തുത പദ്യം വായിക്കുമ്പോൾ, ഔദ്ധത്യം മൂത്ത ഏതൊരാളുടെ ശിരസ്സാണു് സ്വയം താണുപോകാതിരിക്കുക?
അനന്തമജ്ഞാതമവർണ്ണനീയ-
മീലോകഗോളം തിരിയുന്ന മാർഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടു?
എന്ന കണ്ണുനീർത്തുള്ളിയിലെ ശ്ലോകത്തേക്കാൾ അർത്ഥശക്തി പ്രസ്തുത ശ്ലോകത്തി നേറുമെന്നു് എനിക്കു തോന്നുന്നു.
