നവീനയുഗം (തുടർച്ച)
കവിയുടെ ഒരാപ്തമിത്രത്തിൻ്റെ അകാലചരമത്തെക്കുറിച്ചുള്ള അനുശോചനമാണു് ‘ബാഷ്പാഞ്ജലി’. ആശാൻ്റെ ‘കാൽനഖേന്ദുമരീചികൾ’ ആശ്രയിച്ചു വർത്തിക്കുന്ന കവി പ്രസ്തുത കൃതിയിൽ തത്ത്വചിന്താതരംഗിതങ്ങളായ പല പദ്യങ്ങളും ഹൃദയംഗമമായി നിബന്ധിച്ചിട്ടുണ്ട്.
നരൻ്റെ കർമ്മത്തിനു വേഗമേറിയാൽ
വരുന്ന നിഷ്പന്ദത മൃത്യുവെന്നുമാം
തിരിഞ്ഞിടും പമ്പരമണ്ഡകാണ്ഡവും
സ്ഥിരങ്ങളല്ലല്ലി മനുഷ്യദൃഷ്ടിയിൽ.
എന്നു തുടങ്ങിയ പദ്യങ്ങൾ ഇവിടെ ഉദ്ധരിക്കത്തക്കവയാണു്.
രാജായുടെ ഒറ്റശ്ലോകങ്ങൾ ആപാതമധുരങ്ങളും ആലോചനാമൃതങ്ങളുമത്രെ. ‘ചീനയോടു വീണ്ടും’ കവി പറയുന്നതു കേൾക്കുക:
ചീനേ ബുദ്ധൻ നിനക്കേകിയ മതചഷകം നീയുടച്ചിന്നു തീരെ-
ദ്ദീനത്രാണ പ്രഹർഷാമൃതരസമറിയുന്നീലഹങ്കാരവായ്പ്പാൽ;
ഞാനേ കേമത്തിയെന്നിങ്ങനെ ബഹളമിളക്കുന്നു, നിൻ ദിഷ്ടദോഷം
കാണെ ജ്യേഷ്ഠത്തി കണ്ണീരോടു കരയുകയാണിന്ത്യ ഞാ,നെന്തു ചെയ്യാം!മഹിമ യഥാർത്ഥത്തിലെന്നുള്ളിലേയും
മൗനപ്രേമപ്രഹർഷപ്രചുരിമയിലതിൻ സാരമാരാഞ്ഞുകാണാം;
ഈമട്ടുള്ളോരഹന്താകലിതസമതയിൽക്കാണ്മതല്ലായ,തെന്നും
കാമിക്കൊല്ലേ കൊടും ദുർഗ്ഗതിയിലനിമിഷാസ്വാദ്യപീയൂഷയൂഷം.
