പദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

പലതരം പാട്ടുകൾ

നായകൻ്റെ രാജഭക്തി, വീരത, കൃതകൃത്യത എന്നിവയെല്ലാം ഇവിടെ എത്ര സ്ഫുടമായി പ്രകാശിപ്പിച്ചിരിക്കുന്നു.

കേരളീയ ക്രിസ്ത്യാനികളുടെ സാഹിതീസമുദ്യമങ്ങളെ തെളിയിക്കുന്ന പുരാതന പദ്യകൃതികൾ ഇന്നു വളരെ വിരളമായിട്ടേ അവശേഷിച്ചിട്ടുള്ളൂ. കൃഷ്ണഗാഥ മുതലായ കൃതികൾപോലെതന്നെ ക്രിസ്ത്യാനികൾക്കും ഓരോതരം പാട്ടുകൾ ഉണ്ടായിരുന്നുവെന്നു് അനുമാനിക്കേണ്ടിയിരിക്കുന്നു അവ ഓരോന്നും കേരളസംസ്കാരത്തിൻ്റെ ഓരോ ദശാചരിണാമങ്ങളെ കുറിക്കുന്നവയുമായിരിക്കാൻ ഇടയുണ്ട്. മാർഗ്ഗംകളിപ്പാട്ട്, വീരപത്നി തുടങ്ങിയവയെപ്പോലുള്ള പ്രാചീനകൃതികൾ പലതും ചിതലിൻ്റെ മുതലായും, പാറ്റയുടെ തീറ്റിയായും ഇരുട്ടുമുറികളിൽ ഇന്നും സ്ഥിതിചെയ്യുന്നുണ്ടായിരിക്കണം. ഭാഷാദേവിയുടെ നൈസർ​ഗ്​ഗീകലാവണ്യത്തെ ഹൃദയംഗമമായ വിധത്തിൽ പ്രകടമാക്കിക്കാണിക്കുന്ന ഏതാദൃശഗാനങ്ങൾ നമ്മുടെ ഭാഷയ്ക്ക് എന്നും അഭിമാനഹേതുകംതന്നെയാണു്.

വടക്കൻ പാട്ടുകൾ: ഉത്തര കേരളത്തിൽ പണ്ടു ജീവിച്ചിരുന്ന ഏതാനും വീരപുരുഷന്മാരുടേയും വീരവനിതകളുടേയും അപദാനങ്ങളാണു വടക്കൻപാട്ടുകൾ എന്നു പറഞ്ഞുവരുന്ന നാടോടിപ്പാട്ടുകളിൽ അടങ്ങിയിട്ടുള്ളത്. ”കേരളത്തിലെ ആയോധന ചരിത്രത്തിൻ്റെ ഒരു സുവർണ്ണ കാലഘട്ടത്തിൽ മരണം മധുരതരമാക്കിക്കൊണ്ട് ഏതഗ്നിപരീക്ഷയിലൂടെയും കടന്നുപോകാൻ കെല്പുണ്ടായിരുന്ന പുരുഷന്മാരെയും സ്ത്രീകളെയുമാണ് നാം വടക്കൻപാട്ടുകളിൽ കാണുന്നതെ”ന്നു ഒരു നിരൂപകൻ പ്രസ്താവിച്ചിട്ടുള്ളതും ശ്രദ്ധേയമാണ്.