പദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

പലതരം പാട്ടുകൾ

പുത്തൂരം, തച്ചോളി എന്നീ കുടുംബങ്ങളിലെ നായകന്മാരായ ആരോമൽ ചേകവർ, ഒതേനൻ ഇവരെ കേന്ദ്രമാക്കിയാണ് ഈ പാട്ടുകളിൽ മിക്കവയും നിലകൊള്ളുന്നതു്. ആറ്റുംമണമ്മേൽ, പാലാട്ട് എന്നു് തുടങ്ങിയ ചില വീടുകളും ഇവയോടു ബന്ധിച്ചു നിലകൊള്ളുന്നു. കടത്തനാടും അതിൻ്റെ സമീപപ്രദേശങ്ങളുമാണു പാട്ടുകളുടെ രംഗഭൂമികൾ. എന്നാൽ ഈ പാട്ടുകളുടെ ഉൽപത്തി കാലമേതെന്നു നിർവ്വിവാദം പറയാൻ പ്രയാസമാണ്. ഒതേനനെ സംബന്ധിച്ച പാട്ടിൽ, ഒതേനൻ കൊല്ലവർഷം 759-ൽ ജനിച്ചുവെന്നും, 32-ാമത്തെ വയസ്സിൽ മരിച്ചുവെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. അതിനെ ആസ്പദമാക്കുമ്പോൾ ഒതേനനെ സംബന്ധിച്ച പാട്ടുകൾക്ക് ഏകദേശം 350 കൊല്ലത്തിലധികം പഴക്കം കല്പിക്കേണ്ടതില്ലെന്നു തോന്നുന്നു. ഭാഷാരീതിയെ ആസ്പദമാക്കി ഒന്നും പറയുവാൻ നിവൃത്തിയില്ല. കാരണം, നിത്യോപയോഗത്തിലിരിക്കുന്ന ഈ പാട്ടുകൾ പാടിപ്പാടി ഓരോ തലമുറയിലേക്കു കടന്നുചെല്ലുമ്പോൾ ചില മാറ്റങ്ങൾ സംഭവിച്ചേ ഇരിക്കൂ . അതിനാൽ ഇപ്പോഴത്തെ ഭാഷാസ്വരൂപം മാത്രം അടിസ്ഥാനമാക്കി ഉൽപത്തികാലം സൂക്ഷ്മമായി നിർണ്ണയിക്കുവാൻ പ്രയാസംതന്നെ. ”പ്രതിപാദ്യവിഷയങ്ങളുടെ പ്രാചീനത്വം നോക്കുമ്പോൾ പുത്തൂരം വീട്ടിലെ ആരോമൽച്ചേകവരെപ്പറ്റിയുള്ള പാട്ടിനാണു് അഗ്രസ്ഥാനം കല്പിക്കേണ്ടതെ”ന്നു് ഡോ. ചേലനാട്ട് അച്യുതമേനോൻ അഭിപ്രായപ്പെടുന്നു.* (വടക്കൻപാട്ടുകൾ, പേജ് 19.) ചേരമാൻ പെരുമാൾ ഈഴത്തുരാജാവിനു് ആളയച്ചു മലയാളത്തിൽ ഈഴവരെ കൊണ്ടുവന്നു കുടിയിരുത്തിയതായി പാട്ടിൽ ഒരു ഭാഗത്തു പ്രസ്താവിച്ചിട്ടുള്ളതുവെച്ചു ചിന്തിക്കുമ്പോൾ പ്രസ്തുത പാട്ടുകൾ 13-ാം നൂറ്റാണ്ടിലുണ്ടായതാണെന്നു കല്പിക്കേണ്ടിവരും. അത്രത്തോളം പഴക്കം അവയ്ക്കുണ്ടെന്നു തോന്നുന്നില്ല. ആരോമൽച്ചേകവരുടെ കാലം ഒതേനൻ്റെ ജീവിതകാലത്തിനു വളരെ മുമ്പല്ലെന്നു മഹാകവി ഉള്ളൂർ അഭിപ്രായപ്പെടുന്നു. അതിൽ അധികം ശങ്കിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല.