പലതരം പാട്ടുകൾ
ആരോമൽച്ചേകവർ: കടത്തനാട്ടിനു പടിഞ്ഞാറുള്ള എളവന്നൂർനാട്ടിലാണ് പുത്തൂരം വീട്. ആ വീട്ടിലെ ഒരു വീരപുരുഷനായ കണ്ണപ്പൻചേകവരുടെ പുത്രനാണു ആരോമൽച്ചേകവർ; ആറ്റുമ്മണമ്മേൽ ഉണ്ണിയാർച്ച പുത്രിയും. ഉണ്ണിയാർച്ചയുടെ പുത്രനാണ് ആരോമലുണ്ണി. മൂന്നുപേരും അങ്കപ്പയറ്റിൽ അത്ഭുതകരമായ വൈദഗ്ദ്ധ്യം നേടിയവരായിരുന്നു. ആരോമൽച്ചേകവരെ സംബന്ധിച്ചിടത്തോളം പകിടകളിക്കു പോയതും, പുത്തരിയങ്കം വെട്ടിയതുമായ രണ്ടു പാട്ടുകളാണു് മുഖ്യമായിട്ടുള്ളതു്. ആദ്യത്തേതു് ഒരു പ്രണയകഥയാണു്.
ചൂതുകളിയിൽ വിദഗ്ദ്ധനായ അമ്മാവൻ്റെ അടുക്കൽ ആ വിദ്യ പഠിക്കുവാനായി ‘ചമയങ്ങളൊക്കെയും ചേർത്തണിഞ്ഞ്’ ആരോമൽ പുറപ്പെടുന്നു. അമ്മാവൻ്റെ വീട്ടിലെത്തിയ ആരോമലെ കുഞ്ഞമ്മായി സന്തോഷപൂർവ്വം സൽക്കരിച്ചിരുത്തി. ആ മുഹൂർത്തത്തിൽ അമ്മാവൻ്റെ പുത്രിയും സുഭഗഗാത്രിയുമായ തുമ്പോലാർച്ച കുളികഴിഞ്ഞ് എതിരെ വരുന്ന കാഴ്ചയാണ്, നവയൗവനം വന്നുദിച്ചിരുന്ന ആരോമലുണ്ണി കണ്ടതു്. അവൾ,
മാറത്തു കിണ്ണം കമഴ്ത്തിക്കൊണ്ടു-പടിയും പടിപ്പുര കടന്നുവന്നു.
ഒളിമിന്നൽപോലങ്ങു കണ്ടു ചേകോൻ
ദൃഷ്ടി മറച്ചങ്ങു നോക്കി ചേകോൻ-പുഞ്ചിരിക്കൊണ്ടു ചിരിച്ചു പെണ്ണും.