പദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

പലതരം പാട്ടുകൾ

അങ്ങനെ പരസ്പരം പ്രണയബദ്ധരായിത്തീർന്ന അവർ അച്ഛനമ്മമാരുടെ അനുമതി കൂടാതെ അന്നു രാത്രിതന്നെ ഗാന്ധർവവിധിപ്രകാരം ദമ്പതിമാരായിത്തീർന്നു. ഈ ഗൂഢസമാഗമത്താൽ തുമ്പോലാർച്ച ഗർഭിണിയുമായി. ഈ ഘട്ടത്തിൽ മറ്റു സ്ത്രീകൾ അവളെ പരിഹസിക്കുന്നതും മറ്റുമായ ഭാഗങ്ങൾ പാട്ടിൽ വളരെ രസകരമായി വർണ്ണിക്കുന്നുണ്ട്. ഒടുവിൽ പ്രസവാനന്തരം കത്തയച്ച് ആരോമലെ വരുത്തി തുമ്പോലാർച്ചയ്ക്കു നേരിട്ട അപഖ്യാതി നീക്കുകയും, പുത്രനു് ഉണ്ണിക്കണ്ണൻ എന്നു പേരിടുകയും ചെയ്യുന്നു. ഇതാണ് ആ പ്രണയകഥ.

പുത്തരിയങ്കത്തിൽ ആരോമൽ ധീരസമരം ചെയ്ത് എതിരാളിയെ ജയിച്ചുവെങ്കിലും ഒടുവിൽ ദാരുണമായി മരണമടയുന്ന കഥയാണു വിവരിക്കുന്നതു്. * (ഡോ. അച്യുതമേനോൻ്റെ വടക്കൻപാട്ടിൽ ഈ കഥ വിശദീകരിച്ചിട്ടുണ്ട്. പേജ് 19-27.) വികാരോത്തേജകമായ ആ പാട്ടിൽ വീരരൗദ്രരസങ്ങൾക്കൊപ്പം കരുണവും കരകവിഞ്ഞൊഴുകുന്നു. യുദ്ധസന്നദ്ധനായ ആരോമലും സഹോദരി ഉണ്ണിയാർച്ചയും തമ്മിലുള്ള കൂടിക്കാഴ്ച, ആസന്നമരണനായ ആരോമൽ തൻ്റെ അനുജൻ കണ്ണപ്പനോടു പറയുന്ന അന്ത്യവാക്കുകൾ എന്നിവ കണ്ണീർവാർക്കാതെ ഒരാൾക്കും വായിക്കുവാൻ സാധിക്കുന്നതല്ല. 22-ാമത്തെ ജന്മനക്ഷത്രത്തിൽ മരണമടയുന്ന ആ യുവധീരൻ അങ്കത്തട്ടിൽ കരേറി അങ്കത്തിനു മുമ്പു നടത്തിയ ഒരു പയറ്റുമുറ കാണേണ്ടതുതന്നെ:

അവിടുന്നെഴുനേറ്റു ആരോമരും; പീഠം വലിച്ചങ്ങുവച്ചു ചേകോൻ
പാവാടതന്നെ വിരിക്കുന്നുണ്ട്; പാവാടതന്നിൽ തളികവച്ചു;
തളിക നിറയോളം വെള്ളരിയും; വെള്ളരിമീതൊരു നാളികേരം
നാളികേരത്തിന്മേൽ ചെമ്പഴുക്കാ; പഴുക്കാമുകളിലൊരു കോഴിമുട്ട;
കോഴി മുട്ടമേൽ സൂചിനാട്ടി; സൂചിമുനമേൽ ചുരികനാട്ടി;
ചുരികമുനമേൽ മറിഞ്ഞുനിന്നു നൃത്തങ്ങളേഴും കഴിച്ചവനും.

വായനക്കാരെ അത്യധികം ആകർഷിക്കുന്ന രണ്ടു കഥകളാണു്, വീര്യവും ധൈര്യവും, അടവും അഭ്യാസവും നിറഞ്ഞ ഉണ്ണിയാർച്ച കൂത്തുകാണാൻ പോയ കഥയും, ആരോമലുണ്ണി വൈരനിര്യാതനം നടത്തിയ കഥയും. വഴിമദ്ധ്യേ ചില അക്രമികൾ വന്നടുത്തുകൂടിയപ്പോൾ ഭർത്താവ് ആലിലപോലെ വിറച്ചുതുടങ്ങി, അയാളോട്, ”പെണ്ണായ ഞാനും വിറയ്ക്കുന്നില്ല; ആണായ നിങ്ങൾ വിറയ്ക്കുന്നെന്തേ?” എന്നു ചോദിച്ചുകൊണ്ട് ആ വീരതരുണി അവരോട് അടരാടുന്ന രംഗം രോമാഞ്ചപ്രദമെന്നേ പറയാവൂ.