പലതരം പാട്ടുകൾ
എന്നു ചീരുവിൻ്റെ സൗന്ദര്യക്കുറവിനെ മുൻനിറുത്തി ഒതേനൻ ഒഴിയുകയാണുണ്ടായതു്. വർഷങ്ങൾ ചിലതു കഴിഞ്ഞതോടെ, യൗവനം വന്നുദിച്ച ചീരുവിനെ ഒരിക്കൽ യാദൃച്ഛികമായി കണ്ട ഒതേനൻ കാമവിവശനായിത്തീർന്നു. ‘മുറുക്കാൻ’ വാങ്ങുന്നതിനായി ചാപ്പനെ അവളുടെ അടുക്കലേക്കയച്ചു. അപ്പോൾ,
”കറുപ്പല്ലേ വെറ്റിലയ്ക്കയച്ചുട്ടതു്? ചോനകൻ തിന്നുള്ള വെറ്റിലേയുള്ളു കുറുപ്പിന്നു വെറ്റിലയില്ല ചാപ്പാ – വടകരെപ്പൊക്കപ്പൻ ചോനകൻ്റെ കൊപ്പറയിൽ കാക്കാനെ നോക്കീട്ടുള്ളു.”
എന്നിങ്ങനെ കുറിക്കുകൊള്ളുന്ന ചില മുള്ളുവാക്കുകൾ പറഞ്ഞു് അവൾ ചാപ്പനെ മടക്കി. ഒതേനൻ ദുഃഖിതനായി ഗൃഹത്തിലെത്തി. ഒടുവിൽ ചാപ്പൻ ചില സൂത്രങ്ങൾ പ്രയോഗിച്ച് ഒരുദിവസം ചാത്തോത്തു ചെന്നു സ്ത്രീകളെ രസിപ്പിച്ച് അവിടെക്കൂടി. ഒതേനനെ ഒരു പൊട്ടൻ്റെ വേഷംകെട്ടിച്ചു കൂടെ കൊണ്ടുപോയിരുന്നു. ചാപ്പൻ പൊട്ടൻ്റെ അത്ഭുതവിദ്യകൾ വിവരിച്ചു് അവരെ ആകർഷിച്ചു. അന്നു രാത്രി ചീരുവിൻ്റെ കട്ടിലിൻതാഴെ കിടന്നുറങ്ങുവാൻ പൊട്ടനു് അനുവാദം വാങ്ങുകയും, അങ്ങനെ മാതേയിഅമ്മ അറിയാതെ പൊട്ടൻവേഷം കെട്ടിയ ഓതേനൻ ചീരുവുമായി പ്രണയസല്ലാപത്തിൽ മുഴുകി പരസ്പരം ദമ്പതിമാരായിത്തീരുകയും ചെയ്തു.
ഒതേനൻ്റെ വീരചരമം ആരോമൽച്ചേകവരുടേതുപോലെ കരുണരസം തുളുമ്പുന്ന ഒരു കഥയാണ്. തച്ചോളി ചന്തു, പാലാട്ടുകോമൻ തുടങ്ങിയവരുടെ വീരകഥകളും പ്രസ്താവയോഗ്യങ്ങൾതന്നെ.