പദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

പലതരം പാട്ടുകൾ

തച്ചോളിച്ചന്തു: ചന്തുവിൻ്റെ ഭാര്യയായ മാതുക്കുട്ടി, ഉണ്ണിയാർച്ചയെപ്പോലുള്ള ഒരു വീരവനിതയായിരുന്നു. അവൾ ഒരിക്കൽ ഓമല്ലൂർക്കാവിൽ കുളിച്ചു തൊഴാൻ പറപ്പെട്ടു. തുളുനാടൻ കോട്ടയുടെ അധിപനായ കണ്ടർമേനോൻ എന്നൊരു പ്രമാണി കാവിൻ നടയ്ക്കൽ വന്നിറങ്ങി. മാതുക്കുട്ടിയെ കണ്ടമാത്രയിൽ അയാൾ കാമാർത്തനായിത്തീർന്നു. അയാൾ അവളുടെ സൗന്ദര്യം കണ്ട് അന്ധളിച്ചു പറയുകയാണ്:

ഈവകപ്പെണ്ണുങ്ങൾ ഭൂമീലുണ്ടോ! മാനത്തിന്നെങ്ങാനും പൊട്ടിവീണോ!
ഭൂമീന്നു തനിയെ മുളച്ചുവന്നോ! എന്തു നിറമെന്നു ചൊല്ലേണ്ടു ഞാൻ!
കുന്നത്തുകൊന്നയും പൂത്തപോലെ, ഇളമാവിൻതയ്യ് തളിർത്തപോലെ,
കുരുത്തോലയായതിൻ വർണ്ണംപോലെ, വയനാടൻമഞ്ഞൾ മുറിച്ചപോലെ.

മേനോൻ്റെ അപഥ സഞ്ചാരം ഭൃത്യന്മാർ വിലക്കിയെങ്കിലും ഫലമുണ്ടായില്ല. അയാൾ മാതുക്കുട്ടിയെ സമീപിച്ച് അവളുടെ കൈക്കുപിടിച്ചു. അപ്പോൾ അഭിമാനവിജ്രുംഭിതയായ അവൾ രോഷംപുണ്ടു പറയുന്നതു കേൾക്കുക:

ആണും പെണ്ണല്ലാത്ത വരുതിക്കയ്യാ അമ്മപെങ്ങന്മാർ നിനക്കില്ലേടാ
ഓലക്കെട്ടതിന്നും പെണ്ണുങ്ങൾക്കും വഴിയതിൽപ്പോലും കിടക്കാമല്ലോ!
എന്നെ നിയ്യറിഞ്ഞോ വരുതിക്കയ്യാ തച്ചോളിച്ചന്തൂനെ അറിയോ നീയ്യ്
അവനുടെ പെണ്ണായ മാതു ഞാനൊ അവനീ സംഗതി അറിഞ്ഞുവെങ്കിൽ
കഴുവിനെ കൊത്തും പോൽ കൊത്തും നിന്നെ.