പലതരം പാട്ടുകൾ
ഈ അധിക്ഷേപങ്ങളൊന്നും വകവെയ്ക്കാതെ അയാൾ അവളെ പല്ലക്കിലേറ്റി അതിവേഗം നാട്ടിലേക്കു തിരിച്ചു. വിവരമറിഞ്ഞ ചന്തു ഒരു കൈ നോക്കുവാൻ തന്നെ പുറപ്പെട്ടു. ചതികൊണ്ടേ അയാളെ ജയിക്കുവാൻ പറ്റൂ എന്നു നിശ്ചയിച്ച് ഒരു സന്യാസിയുടെ വേഷംകെട്ടി കോട്ടയ്ക്കുള്ളിൽ കടന്നു. മേനോനോടും അയാളുടെ വമ്പിച്ച സേനകളോടും ആ പരാക്രമി ഒറ്റയ്ക്കുനിന്നു പൊരുതി. ഒടുവിൽ ചന്തുവിൻെറ വെട്ടേറ്റ് കണ്ടർമേനോൻ ഒൻപതു മുറിയായി വീണു. അങ്ങനെ അമ്മാവനായ ഒതേനനുപോലും കടക്കാൻ കഴിഞ്ഞിട്ടില്ലാത്ത തുളുനാടൻ കോട്ടയെ ചന്തു പിടിച്ചടക്കുകയും, മാതുക്കുട്ടിയെ വീണ്ടെടുക്കുകയും ചെയ്തു. ഇതാണു കുഞ്ഞിച്ചന്തുവിനെ സംബന്ധിച്ച കഥ.
പാലാട്ടുകോമപ്പനെ സംബന്ധിച്ച പാട്ടിനെ അടിസ്ഥാനമാക്കി, കുണ്ടൂർ നാരായണമേനോൻ ‘കോമപ്പൻ’ എന്ന പച്ചമലയാളകാവ്യം ചമച്ചിട്ടുള്ളതു പ്രസിദ്ധമാണല്ലോ.
അവ്യുൽപന്നന്മാരായ ഗ്രാമീണരാണു് ഈവക പാട്ടുകളുടെ നിർമ്മാതാക്കൾ. അതിനാൽ അവയിൽ വേണ്ടത്ര ശബ്ദശുദ്ധിയോ, വൃത്തവ്യവസ്ഥയോ, സാഹിത്യഭംഗിയോ ഇല്ലെന്നുള്ളതു വാസ്തവമാണു്. എങ്കിലും അവയിൽ ആപാദമസ്തകം വഴിഞ്ഞൊഴുകുന്ന ലാളിത്യവും മാധുര്യവും ആരെയും ആകർഷിച്ചുകൊണ്ടേ ഇരിക്കുന്നു.