പദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

പലതരം പാട്ടുകൾ

വൃത്തവ്യവസ്ഥയില്ലക്ഷരവ്യക്തിയി-
ല്ലർത്ഥോപപത്തിയില്ലെന്നാകിലും
ആരാരെ കോൾമയിർക്കൊള്ളിക്കില്ലിഗ്ഗീത-
മാരോമൽപ്പൈങ്കിളിക്കൊഞ്ചൽ പോലെ.

എന്നു് വള്ളത്തോൾമഹാകവി പാടിയിട്ടുള്ളത് വടക്കൻപാട്ടുകളെ സംബന്ധിച്ചിടത്തോളം വളരെ അർത്ഥവത്താണു് അത്രമാത്രം അകൃത്രിമദ്യുതിപൂണ്ടവയാണു് പ്രസ്തുത ഗാനങ്ങൾ. സാധാരണ ജനങ്ങളുടെ പരിചയാനുഭവങ്ങളിൽപ്പെട്ട അലങ്കാരപ്രയോഗങ്ങളും മറ്റുമേ ഈ പാട്ടുകളിൽ ഉളളൂ.

കരിഞ്ചേമ്പുതണ്ടങ്ങ് അറ്റപോലെ
അരിങ്ങോടർതൻ്റെ തല തെറിച്ചു

എന്നാണ് ആരോമൽ മുറിച്ചുരിക അരിങ്ങോടൻ്റെ നേർക്കു് എറിഞ്ഞപ്പോൾ ഉണ്ടായ അനുഭവത്തെ വർണ്ണിക്കുന്നതു്. ഉത്തരകേരളത്തിലെ ജനങ്ങളുടെ സാമൂഹ്യാചാരങ്ങളും ജീവിതമര്യാദകളും ഗ്രഹിക്കുവാൻ ഈ ഗാനങ്ങൾ വിലപ്പെട്ട രേഖകളാണു് തലമുറകളിൽനിന്നു തലമുറകളിലേക്കു പകർന്നിട്ടുള്ള ഈ പാട്ടുകൾ കൃഷിപ്പാടങ്ങളിൽ വേലചെയ്യുന്ന ഉത്തരകേരളത്തിലെ സ്ത്രീജനങ്ങൾ അവരുടെ അദ്ധ്വാനഭാരം കുറയ്ക്കാൻ ഇന്നും ഉദ്ഗാനം ചെയ്തുവരുന്നു. ഈവക ഗാനങ്ങളിൽ കുറെയൊക്കെ സംഭരണം ചെയ്തു പ്രകാശിപ്പിച്ചിട്ടുണ്ടെങ്കിലും ബാക്കിയുള്ളവയും ഗവേഷണം ചെയ്തു ശേഖരിച്ചു പ്രസിദ്ധപ്പെടുത്താൻ സാഹിത്യപ്രണയികൾ ശ്രമിക്കേണ്ടതുതന്നെയാണു്.