പദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

പലതരം പാട്ടുകൾ

മാപ്പിളപ്പാട്ടുകൾ: മുസ്ലീം സമുദായത്തിൻ്റെ ഗൃഹ്യവും സാമൂഹ്യവുമായ വിഷയങ്ങളെ അധികരിച്ചും കൈരളിയിൽ ചില ഗാനങ്ങൾ ഉത്ഭവിക്കാതിരുന്നിട്ടില്ല. ഉത്തരകേരളമാണു് അത്തരം ഗാനങ്ങളിൽ അധികമെണ്ണത്തിൻ്റെയും ഉൽപത്തിസ്ഥാനമെന്നു തോന്നുന്നു. എന്നാൽ മിക്കവയും അപ്രകാശിതങ്ങളാകയാൽ അവയുടെ രൂപഭാവശില്പങ്ങൾ വേണ്ടത്ര മനസ്സിലാക്കുവാൻ ഇനിയും സാധിച്ചിട്ടില്ല. ഭാഷാഭിമാനികൾ അവയെ സംഭരിക്കുന്നതു നന്നായിരിക്കും. ടി. ഉബൈദ് അതിനുവേണ്ടി ചില ശ്രമങ്ങൾ ചെയ്തതായി ഈ ഗ്രന്ഥകാരനു നേരിട്ടറിയുവാൻ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം 1947-ൽ കോഴിക്കോട്ടുവെച്ചു നടന്ന സാഹിത്യ പരിഷത്തിൻ്റെ 18-ാം സമ്മേളനത്തിൽ ‘മാപ്പിളപ്പാട്ടുകൾ’ എന്ന പേരിൽ വായിച്ച ഒരു പ്രബന്ധത്തിൽനിന്നു് ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം:

“ഭാഷാകാവ്യങ്ങളെ അപേക്ഷിച്ചു മാപ്പിളപ്പാട്ടുകൾക്കുള്ള ഒരു മെച്ചം, ഒരേ കാവ്യത്തിൽത്തന്നെ നൂറ്റിക്കണക്കിൽ ഗാനാത്മകരീതികൾ അടങ്ങിയിരിക്കും എന്നുള്ളതാണു്. ഒരു രീതി അഥവാ ഒരു വൃത്തം ഒന്നോ രണ്ടോ പുറങ്ങളിൽ ഇരുപത്തിനാലോ മുപ്പത്തിരണ്ടോ പാദങ്ങൾകൊണ്ട് അവസാനിക്കുന്നു. ഉടനെ മറെറാരു നവീനരീതി ആരംഭിക്കും…. ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന വൃത്തങ്ങളിൽ ഏറ്റവും ചെറിയ പാദം ഏഴക്ഷരങ്ങളും, ഏറ്റവും വലുത് ഇരുപത്തെട്ടക്ഷരങ്ങളും അടങ്ങിയതാണു്. മാത്രാനിയമപ്രകാരം 13 മുതല്ക്കു 33 മാത്രവരെയുള്ള പാദങ്ങളുണ്ട്. മേൽ വിവരിച്ചവിധത്തിലുള്ള രീതികളെ ‘മട്ടു’ എന്നോ ‘ഇഷൽ’ എന്നോ ആണു് മാപ്പിളക്കവികൾ വിളിക്കുക.” അറബിയും മലയാളവും ചേർന്നുള്ള ഒരുതരം മണിപ്രവാളമാണു് മനംമയക്കുന്ന ഈ മാപ്പിളപ്പാട്ടുകളിൽ നാം കാണുന്നതു്. മാതൃക കാണിക്കുവാൻ ചില ഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കാം. മധുവിധുപോലും അനുഭവിച്ചുകഴിയുന്നതിനുമുമ്പു്, അകാലചരമമടഞ്ഞ ഭർത്താവിൻ്റെ മൃതദേഹത്തിനു മുമ്പിൽ നിന്നു് ‘ഉമൈബാൻ’ എന്ന സതീരത്നം വിലപിക്കുകയാണു്: