പദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

പലതരം പാട്ടുകൾ

യുദ്ധത്തിൽ സൈന്യങ്ങൾ അണിനിരക്കുന്നതിനേയും രണഭേരി മുഴക്കുന്നതിനേയും വർണ്ണിക്കുന്നു:

വരികൾ നിക്കുവതായും – ഇടയിൽ തിക്കുവതായും
വരുവോരൊക്കുവതായും – അണികൾ ഇടിപ്പതായും –
കോലാഹലതാളം ഇടയിട നാലുപുറമോളം കുതുകല
കോശമൊടുമേളം ചെവിപെടൈ ഓശയുടെ കാളം
ചേലുരുറ്റിരി തത്തിരിറ്റിരി രിരിവിളികുഴലാൽ പെരുവിളി
ചെണ്ടഡണ്ടട ഒറ്റ ഡുണ്ടുഡു ഡുണ്ടു മുട്ടുകളാൽ
ഇടയിൽ കൈമണി കിണിലുകിണിൽ കിണിൽ
തുടരെക്കിണ്ണാരം ചെലക്കച്ചെലചെല
തുടികൾ ബെമ്പലു ബെമ്പൽ ബെമ്പൽ
തപ്പ് ദന്തലി ദൽദൽ ദിൽദിൽ.

മാപ്പിളപ്പാട്ടുകളെക്കുറിച്ചുള്ള ഗവേഷണപഠനങ്ങളിലൂടെ അതിലെ സാഹിത്യസമ്പത്തു മറ്റുള്ളവർക്കുകൂടി അനുഭവപ്രദമാക്കിത്തീർക്കുന്നതിൽ ഉബൈദ് വഹിച്ചിട്ടുള്ള സേവനം വിസ്മരിക്കാവതല്ല. അദ്ദേഹം ആ പാട്ടുകളിലെ ഇമ്പമേറിയ ശൈലീവിശേഷങ്ങളും പദാവലികളും വൃത്തനിബദ്ധമാക്കി പ്രകാശിപ്പിച്ചപ്പോൾ അവയ്ക്കു സവിശേഷമായ ഒരു വശ്യതതന്നെ കൈവന്നു എന്നു പറയാം. മലയാളത്തിലും കന്നടയിലും ഒരുപോലെ അവഗാഹമുണ്ടായിരുന്ന ഉബൈദിനു് ആ ഇരുഭാഷകളേയും പരിഭാഷകൾമൂലം സമ്പന്നമാക്കുവാനും കഴിഞ്ഞിട്ടുണ്ട്. നവരത്നമാലിക, ബാഷ്പധാര, ചന്ദ്രക്കല, ഗാനവീചി, തിരുമുൽക്കാഴ്ച, മണ്ണിലേക്കു മടങ്ങി, വള്ളത്തോൾ കതഗള (വള്ളത്തോളിൻ്റെ 22 കവിതകളുടെ കർണ്ണാടകപരിഭാഷ) തുടങ്ങിയവയാണു് അദ്ദേഹത്തിൻ്റെ കൃതികൾ.