പലതരം പാട്ടുകൾ
ഇരവിക്കുട്ടിപ്പിള്ളപ്പോർ: സംഭവസ്ഥലത്തെ ആസ്പദമാക്കി കണിയാങ്കുളത്തുപോരെന്നും ഇതിനു മറ്റൊരു പേരുണ്ട്. തെക്കൻപാട്ടുകളിൽ മുൻപന്തിയിൽ നില്ക്കുന്ന ഒരു പാട്ടാണിതു്. മധുരയിലെ പ്രസിദ്ധനായ തിരുമലനായ്ക്കൻ, കൊല്ലം 810-ൽ കൽക്കുളത്തു വാണിരുന്ന രവിവർമ്മകുലശേഖരൻ എന്ന തിരുവിതാംകൂർ രാജാവിനെ കീഴടക്കുവാൻ ഒരു സേനയെ അയച്ചു. യുദ്ധത്തിൽ മധുരസേന നിശ്ശേഷം തോറ്റു. ഈ വിവരമറിഞ്ഞു മധുരയിലെ പ്രധാന സേനാനി രാമപ്പയ്യൻ തിരുമലനായ്ക്കൻ്റെ അനുവാദത്തോടുകൂടി യുദ്ധത്തിനായി പണകുടിയിൽ വന്നു താവളമടിച്ചു. തിരുവിതാംകൂർരാജാവിൻ്റെ അന്നത്തെ ഏഴു മന്ത്രിമാരിൽ മുഖ്യനും സുവിദിതമായ മാർത്താണ്ഡൻ ഇരവിക്കുട്ടിപ്പിള്ള എന്ന രാജപുത്രൻ ഉടനെ സൈന്യസമേതനായി കണിയാങ്കുളം പോർകളത്തിലെത്തി രാമപ്പയ്യനോടെതിരിട്ട് യുദ്ധംചെയ്തു. ഒടുവിൽ വീരസ്വർഗ്ഗം പ്രാപിക്കുകയും ചെയ്തു. ഇതാണ് ഇതിലെ ഇതിവൃത്തം. ഭാവനിർഭരമായ ഒരു കാവ്യമാണിതു്. യുദ്ധഭൂമിയിലേക്കു പുറപ്പെടുന്നതിൻ്റെ തലേദിവസം രാത്രിയിൽ, ഇരവിക്കുട്ടിപ്പിള്ളയുടെ അമ്മയും ഭാര്യയും കണ്ട ദുഃസ്വപ്നങ്ങളെ വിവരിച്ചു യാത്ര മുടക്കുവാൻ അവർ കേണപേക്ഷിക്കുമ്പോൾ ആ ധീരോദാത്തൻ പറയുന്ന വാക്കുകൾ കേൾക്കേണ്ടതുതന്നെയാണ്:
ഏഴുകടലപ്പുറത്തി–ലിരുമ്പറൈക്കുള്ളിരുന്താലും
എമരാജദൂതർ വന്താ–ലില്ലൈയെൻറാൽ വിടുവാരോ?
കല്ലാലേ കോട്ടൈ കെട്ടി കല്ലറൈക്കുള്ളിരുന്താലും
കാലനുടയാളു വന്താൽ കണ്ടില്ലെൻറാൽ വിടുവാരോ?
നമരാജദൂതർ വന്താൽ നാളെയെൻറാൽ വിടുവാരോ?
വിളൈന്ത വയലറുപ്പതുക്കു വിചനപ്പെടവേണ്ടാം കാൺ.
