പലതരം പാട്ടുകൾ
രാമകഥപ്പാട്ടു്: ക്രിസ്തുവർഷം 15-ാം നൂററാണ്ടിൽ ജീവിച്ചിരുന്ന ഒരു കവി പ്രവരനാണു അയ്യപ്പിള്ള ആശാൻ, ദക്ഷിണകേരളത്തിൽ കോവളത്തിനു സമീപമുള്ള ഔവാടുതുറ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. രാമകഥപ്പാട്ട് എന്ന ഒരു ഗ്രന്ഥമാണ് അദ്ദേഹത്തിൻ്റേതായി നമുക്കു ലഭിച്ചിട്ടുള്ള കൃതി. ഉളളൂർ മഹാകവി 1916-ൽ പ്രസിദ്ധപ്പെടുത്തിയ ‘പ്രാചീന മലയാള മാതൃകകൾ’ എന്ന ഗ്രന്ഥം വഴിക്കാണു് പ്രസ്തുത കൃതിയെപ്പറ്റി ആദ്യമായി അല്പമെങ്കിലും വിവരം കേരളീയർക്കു ലഭിക്കുവാനിടയായിട്ടുള്ളത്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം എന്നിവയിലെ ഏതാനും ഭാഗങ്ങൾ മാത്രമേ മഹാകവി അന്നു പ്രസിദ്ധപ്പെടുത്തിയിരുന്നുള്ളൂ. മഹാകവിയുടെ കേരളസാഹിത്യചരിത്ര (ഒന്നാംഭാഗം 12-ാം അദ്ധ്യായം) ത്തിൽ കിഷ്ക്കിന്ധാകാണ്ഡത്തിൽ നിന്നുകൂടി ഉദ്ധാരണം ചേർത്തു കാണുന്നതുകൊണ്ട് അതുവരെയുള്ള ഭാഗങ്ങൾ അദ്ദേഹത്തിനു കാണുവാൻ കഴിഞ്ഞിട്ടുണ്ടെന്ന് അനുമാനിക്കാം.
എന്നാൽ, ആ ബൃഹൽഗ്രന്ഥത്തിൻ്റെ പുർണ്ണരൂപം അടുത്തകാലംവരെ നമുക്കു കാണുവാൻ കഴിഞ്ഞിരുന്നില്ല. അതിനു നമ്മെ സഹായിച്ചതു് ഗവേഷണകുശലനായ ഡോക്ടർ പി. കെ നാരായണപിള്ളയാണു്. അദ്ദേഹം തിരുവനന്തപുരം മാനുസ്ക്രിപ്റ്റസ് ലൈബ്രറിയിൽ ക്യൂറേറ്റർ ആയിരുന്ന കാലം മുതൽ തുടർന്ന ഇരുപതുവർഷത്തെ ശ്രമാവഹമായ അന്വേഷണത്തിൻ്റെ ഫലമായിട്ടാണു രാമകഥപ്പാട്ടിൻ്റെ രണ്ടു താളിയോലപ്പകർപ്പുകൾ കുഴിത്തുറയിലും പെരുങ്കടവിളയിലും ഉള്ള രണ്ടു നായർ കുടുംബങ്ങളിൽനിന്നും അദ്ദേഹത്തിനു കണ്ടെടുക്കുവാൻ സാധിച്ചത്. ആ രണ്ടു ഗ്രന്ഥങ്ങളും ചേർത്തിണക്കി സമ്പൂർണ്ണമായ ഒരു പാഠം തയ്യാറാക്കുവാൻ അദ്ദേഹത്തിനു സാധിച്ചു.