പദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

പലതരം പാട്ടുകൾ

മാർഗ്ഗംകളിപ്പാട്ട്: കേരളീയ ക്രിസ്ത്യാനികളുടെ മതതത്ത്വങ്ങളേയും സഭാ ചരിത്രങ്ങളേയും മററും ആസ്പദമാക്കി പ്രാചീനകാലം മുതല്ക്കേ പല പാട്ടുകളും മലയാളത്തിൽ ഉത്ഭവിച്ചിരിക്കാൻ ഇടയുണ്ട് . എന്നാൽ അവയിൽ മിക്കതും ഇന്നു ലുപ്തപ്രചാരങ്ങളോ, നഷ്ടപ്രായങ്ങളോ ആയിത്തീർന്നിരിക്കയാണു്. ഒരുപക്ഷേ, ഇവയിൽ പലതും 1599-ൽ നടന്ന ഉദയമ്പേരൂർ സൂനഹദോസുകാലത്തു ഭസ്മീകൃതമായിപ്പോയതായി സങ്കല്പിക്കുവാനും അവകാശമില്ലാതില്ല. കേരളസാഹിത്യ ചക്രവർത്തിയായിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ ജനിക്കുന്നതിനുപോലും വളരെ വർഷങ്ങൾക്കുമുമ്പേ, മലയാളത്തിൽ നൂതനമായ ഒരു ഗദ്യസരണിയെ വെട്ടിത്തുറക്കുകയും, അതിൽ പല ശാസ്ത്രഗ്രന്ഥങ്ങൾകൂടി നിർമ്മിക്കുകയും ചെയ്തിട്ടുള്ള ക്രിസ്ത്യാനികൾ, പദ്യസാഹിത്യത്തിലും അധികം അധഃസ്ഥിതമല്ലാത്ത ഒരു നിലയെ പ്രാപിച്ചിരിക്കുവാനാണു് ഇടയുള്ളതെന്നു തോന്നുന്നു. മാർഗ്ഗം കളിപ്പാട്ടുകൾ, കല്യാണപ്പാട്ടുകൾ, പള്ളിപ്പാട്ടുകൾ, പരിശമുട്ടുകളിപ്പാട്ടുകൾ, ദാവീദിൻ്റെ പാന ഇങ്ങനെ വിഖ്യാതങ്ങളായിത്തീർന്നിട്ടുള്ള പല കൃതികളും, ക്രൈസ്തവപദ്യ

സാഹിത്യത്തിൻ്റെ പൗരാണികത്വത്തെ പ്രസ്പഷ്ടമാക്കുന്ന നഷ്ടശിഷ്ടങ്ങളിൽ ചിലതുമാത്രമാണ്. * (പ്രസ്തുത ഗാനങ്ങളിൽ പലതും ‘പുരാതനപ്പാട്ടുകൾ’ എന്ന പേരിൽ പി. യു. ലൂക്കാസ് കോട്ടയത്തുനിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.)

ഭാഷയുടെ പഴക്കം കൊണ്ടു മേല്പറഞ്ഞ കൃതികളിൽ മാർഗ്ഗംകളിപ്പാട്ടിനു് ഏററവും പ്രാക്തനത്വം നല്കാമെന്നു തോന്നുന്നു ഇതിലെ വിഷയം, ക്രിസ്തുവിൻ്റെ ശിഷ്യനായ മാർത്തോമ ഇൻഡ്യയിൽ വരുന്നതും, പല അത്ഭുതങ്ങൾ പ്രവർത്തിച്ചു ഹൈന്ദവരെ ക്രിസ്തുമാർഗ്ഗത്തിലേക്കു നയിക്കുന്നതും, മൈലാപ്പൂരിൽ വെച്ചു മരണമടയുന്നതും മറ്റുമായുള്ള ആ പ്രേഷിതൻ്റെ ചരിത്രസംഗ്രഹമത്രെ. ഭിന്നവൃത്തങ്ങളിലായി 14 പാദങ്ങളും, 400-ൽപരം വരികളും ഇതിൽ അടങ്ങിയിരിക്കുന്നു. പാട്ടിൻ്റെ ആരംഭം അഥവാ ഒന്നാംപാദം മാർത്തോമ്മാവന്ദനമാണ്: